കൊല്ലം കാത്തു, കരുതലോടെ
text_fieldsകൊല്ലം: സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കും വരെ , അല്ല അതിനുശേഷവും വി.എസ്. അച്യുതാനന്ദനെ കരുതലോടെ കൊണ്ടുനടന്ന ജില്ലയാണ് കൊല്ലം. മുഖ്യമന്ത്രി , പ്രതിപക്ഷ നേതാവ് എന്നതിനേക്കാളുപരി പാർട്ടി നേതാവ് എന്ന നിലയിലാണ് കൊല്ലം വി.എസിനെ ഏറെ സ്മരിക്കുക.
പാർട്ടി നേതാവായും അല്ലാതെയും വി.എസിന്റെ ഇടപെടൽ വിവിധ ഘട്ടങ്ങളിൽ അനുഭവിച്ചറിഞ്ഞ മണ്ണാണ് കൊല്ലത്തിന്റേത്. പാർട്ടിയിൽ വിഭാഗീയത കൊടുമ്പിരികൊണ്ട കാലയളവിൽ കൊല്ലം അദ്ദേഹത്തെ ചേർത്തുനിർത്തി. അതോടൊപ്പം മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കൈയൊപ്പ് അടയാളപ്പെടുത്തിയ വികസനവും ജില്ലയിൽ ഏറെയുണ്ടായി. കൊല്ലം തുറമുഖത്തെ വികസിപ്പിക്കുന്നതിൽ അടിത്തറയിട്ടത് വി.എസ് സർക്കാരാണ്. ആദ്യഘട്ടം നിർമാണം പൂർത്തീകരിച്ച് തുറമുഖം 2010ൽ നാടിന് സമർപ്പിച്ചതും വി.എസ് ആണ്.
അന്ന് കൊല്ലത്തിന്റെ എം.എൽ.എ പി. കെ. ഗുരുദാസൻ സംസ്ഥാന തൊഴിൽ മന്ത്രിയായിരുന്നു. ഗുരുദാസൻ തികഞ്ഞ വി.എസ് പക്ഷക്കാരനാണ്. കൊല്ലത്തിന്റെ പേരിൽ ഐ.ടി പാർക്ക് പിറന്നതും വി.എസ് മുഖ്യമന്ത്രി ആയിരിക്കെയാണ്. കുണ്ടറ എം.എൽ.എ ആയിരുന്ന വിദ്യാഭ്യാസ മന്ത്രി എം. എ . ബേബി മുൻകൈയെടുത്ത് സ്ഥാപിച്ച പാർക്ക് ഉദ്ഘാടനം ചെയ്യാനും വി.എസ് എത്തി. ശാസ്താംകോട്ട താലൂക്ക് ആശുപത്രി ബഹുനില മന്ദിരം ഉൾപ്പെടെ നിരവധി സർക്കാർ ആശുപത്രി, സ്കൂൾ എന്നിവയുടെ അടിസ്ഥാന വികസനം യാഥാർഥ്യമായതും വി.എസ് സർക്കാരിന്റെ കാലത്താണ്. കൊല്ലം എൻ.എസ് സഹകരണ ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ടതും നേഴ്സിംഗ് കോളേജ് മന്ദിരം ഉദ്ഘാടനം ചെയ്തതും വി.എസ് ആണ്.
പ്രതിപക്ഷ നേതാവ് ആയിരിക്കെ നിരവധി ജനകീയ വിഷയങ്ങളിൽ കൊല്ലത്ത് അദ്ദേഹം ഇടപെട്ടു. 2012 ഫെബ്രുവരി 15ന് ഇറ്റാലിയൻ നാവികർ മൽസ്യത്തൊഴിലാളികളായ വാലന്റൈൺ ജലസ്റ്റിൻ, അനീഷ് പിങ്കർ എന്നിവരെ കടലിൽ വെടിവച്ചുകൊന്നപ്പോൾ വലിയ പ്രതിഷേധം ഉയർത്തികൊണ്ടുവരാൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.എസ് പ്രവർത്തിച്ചു. അന്ന് കൊല്ലത്ത് പ്രസ്ക്ലബ് മൈതാനിയിൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത് അദ്ദേഹമാണ്. പിന്നീട് നടന്ന മനുഷ്യചങ്ങലയിലും വി.എസ് കൊല്ലത്ത് കണ്ണിയായി. സി.പി. എം സംസ്ഥാന സെക്രട്ടറിയായിരിക്കെ വി.എസിന്റെ നിർദ്ദേശപ്രകാരമാണ് 1986ലെ കശുവണ്ടിത്തൊഴിലാളികളുടെ ഡി.എ സമരം പ്രഖ്യാപിച്ചത്. ഡി.എ പുതുക്കിനിശ്ചയിക്കും വരെ സമരം തുടർന്നു.
കോൺട്രാക്ടർമാരുടെ ചൂഷണത്തിനെതിരെ പത്തനാപുരത്തെ ഫാമിംഗ് കോർപ്പറേഷൻ ഭൂമിയിൽ 1974ൽ നവംബറിൽ നടന്ന കരിമ്പുസമരം ഉദ്ഘാടനം ചെയ്തതും വി.എസ് ആണ്. 54 കുടുംബങ്ങളെ തെന്മല ഡാമിന് സമീപത്തുനിന്നും കുടിയൊഴിപ്പിക്കാനുള്ള അന്നത്തെ ജലസേചന മന്ത്രി എം. പി. ഗംഗാധരന്റെ തീരുമാനത്തിനെതിരെ 1982ൽ നടന്ന സമരത്തിലും വി.എസ് മുൻപന്തിയിൽ നിന്നു. ശൂരനാട് കോയിക്കൽ ചന്തയിൽ നടന്ന ഭൂമിസമരം ഒത്തുതീർപ്പായതും വി.എസിന്റെ ഇടപെടലിനെ തുടർന്നാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.