വി.എസ്: പോരാട്ടം നയിക്കാനും കണ്ണീരൊപ്പാനും
text_fieldsകൊല്ലം: അണികളുടെ ആവേശവും, പാവങ്ങളുടെ പ്രതീക്ഷയുമായി പോരാട്ടജീവിതത്തിന്റെ കനൽവഴി താണ്ടിയ വി.എസ്. അച്യുതാനന്ദന്റെ നായകത്വത്തിൽ കൊല്ലത്തിനുമുണ്ട് ഒരുപിടിയോർമകൾ. സമരചരിത്രങ്ങളുടെ തീഷ്ണഭൂമികയെന്ന ചരിത്രമുള്ള കൊല്ലം എന്നും ആ സമരനായകന്റെ ഒപ്പമായിരുന്നു. അദേഹവും ആ സ്നേഹപരിഗണന കൊല്ലത്തിനോടും ഇവിടത്തെ മനുഷ്യരോടും എന്നും പുലർത്തിപ്പോന്നു.
പോരാട്ട മുഖത്തായാലും കണ്ണീർനോവുകളിലായാലും കൊല്ലത്തിന്റെ പ്രശ്നങ്ങളിലേക്ക് മുൻപന്തിയിൽ തന്നെ ഓടിവന്നുനിൽക്കാൻ അദേഹം എന്നുമുണ്ടായിരുന്നു. പരമ്പരാഗത തൊഴിലാളികളെ ചേർത്തുനിർത്തി അവകാശപോരാട്ടം നടത്തുന്നതിലായാലും പുറ്റിങ്ങൽ വെടിക്കെട്ട് അപകടം തീർത്ത വേദനയൊപ്പുന്നതിലായാലും വി.എസ് എന്നും കൊല്ലത്തിനൊപ്പമായിരുന്നു, ഇവിടത്തെ ജനഹൃദയങ്ങളിലായിരുന്നു.
2012ൽ കൊല്ലത്തിന്റെ പുറംകടലിൽ ഇറ്റാലിയൻ നാവികർ രണ്ട് മത്സ്യതൊഴിലാളികളുടെ ജീവനെടുത്ത കടൽകൊലപാതകത്തിൽ, കൃത്യമായ നടപടിയുണ്ടാകാൻ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസിന്റെ ഇടപെടൽ നിർണായകമായിരുന്നു. കടൽകൊലകേസിൽ ഇരകൾക്ക് നീതി കിട്ടാൻ കൊല്ലത്ത് എൽ.ഡി.എഫ് നടത്തിയ പ്രതിഷേധ മനുഷ്യചങ്ങലയിൽ ഉദ്ഘാടകനായി വന്ന് അദേഹം കണ്ണിചേർന്നു. കൊല്ലം തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അപ്പുറം നടന്ന സംഭവത്തിൽ കേസ് എടുക്കാനുള്ള അവകാശം ആർക്ക് എന്നതിൽ വലിയ തർക്കമുണ്ടായിരുന്നു. കേന്ദ്രസർക്കാരിനാണ് അധികാരം എന്ന നിലപാടിലായിരുന്നു അന്നത്തെ യു.ഡി.എഫ് സർക്കാർ. അതിനെതിരെ കേരള നിയമസഭയിൽ വി.എസ് ഉയർത്തിയ പോരാട്ടമാണ് കടൽ അധികാര നിയമങ്ങളിലെ പൊളിച്ചെഴുത്തിലേക്ക് പിൽക്കാലത്ത് ചെന്നെത്തിയത്. ഇപ്പോൾ കപ്പലപകടം നടന്നപ്പോൾ പോലും കേരളത്തിൽ കേസ് എടുക്കാൻ കഴിഞ്ഞത് കടൽകൊലക്കേസിനെ തുടർന്ന് നിയമത്തിൽ പിന്നീട് വന്ന മാറ്റത്തിനെ തുടർന്നാണ്.
2016ൽ പുറ്റിങ്ങൽ അപകടമുണ്ടായപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് കൊല്ലത്തിന്റെ കണ്ണീരൊപ്പാൻ ഓടിയെത്തി. ദേശീയദുരന്തമായി പുറ്റിങ്ങൽ വെടിക്കെട്ടപകടം പ്രഖ്യാപിക്കണമെന്ന് അദേഹം ആവശ്യമുയർത്തിയിരുന്നു. അപകടത്തിലേക്ക് നയിച്ച കൊടും അനാസ്ഥക്കെതിരെ അദേഹത്തിന്റെ മൂർച്ചയേറിയ വിമർശനശരങ്ങൾ നാട് കേട്ടു. ദുരന്തബാധിതർക്കായി സാധ്യമായ എല്ലാ സഹായവും എത്തിക്കാൻ നടപടിയുണ്ടാകണം എന്നതായിരുന്നു അദേഹത്തിന്റെ മറ്റൊരു പ്രധാന ആവശ്യം.
അതിനും പതിറ്റാണ്ടുകൾക്ക് മുമ്പെ കൊല്ലത്തിന് വേണ്ടിയുള്ള വി.എസിന്റെ ഇടപെടലുകൾ കാര്യമായുണ്ടായിരുന്നു. 1982ലെ തെന്മല കല്ലട ഇറിഗേഷൻ പദ്ധതിയുടെ കാച്ച്മെന്റ് ഏരിയയിൽ താമസിച്ചിരുന്ന 250ഓളം കുടുംബങ്ങളെ പെട്ടെന്നൊരു രാത്രിയിൽ ഒരു മുന്നറിയിപ്പുമില്ലാതെ കുടിയിറക്കിയപ്പോൾ സമരമുഖത്ത് വി.എസ്. അച്യുതാനന്ദൻ നേരിട്ടെത്തി അവരുടെ പോരാട്ടത്തിന് നായകത്വം വഹിച്ചു. ആ കുടുംബങ്ങൾക്ക് പിന്നീട് തലചായ്ക്കാനുള്ള മണ്ണ് ഉറപ്പാക്കിയ സമരമായിരുന്നു അന്ന് നടന്നത്. കുളത്തൂപ്പുഴ സാംനഗറിലും തെന്മല പഞ്ചായത്തിലുമായാണ് അവരെ പുനരധിവസിപ്പിച്ചത്.
അതിലും പിന്നോട്ടുപോയാൽ, പരമ്പരാഗത തൊഴിൽസമരമുഖങ്ങളിൽ ആവേശം തീർത്ത നേതൃത്വമായും കൊല്ലത്തിന്റെ മണ്ണിൽ വി.എസ്. എത്തിയത് കാണാം. കശുവണ്ടി തൊഴിലാളികളുടെ ഡി.എ സമരത്തിന്, പാർട്ടി സെക്രട്ടറി എന്ന നിലയിൽ അദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതായിരുന്നു. ആ തൊഴിൽ സമരമുഖത്ത് പി.കെ. ഗുരുദാസനൊപ്പം പോരാട്ടത്തിന് നേതൃത്വം നൽകിയതിനൊപ്പം മറ്റ് ജില്ലകളിൽ നിന്നെല്ലാം, കൊല്ലത്തെ സമരസഖാക്കൾക്ക് പലതരത്തിലുള്ള സഹായമെത്തുന്നു എന്ന് അദേഹം ഉറപ്പുവരുത്തി. ഇത്തരത്തിൽ ജീവിതദുരിതങ്ങൾ അനുഭവിക്കുന്നവരുടെ ക്ലേശങ്ങൾ അകറ്റാൻ അദേഹം ഈ നാടിനൊപ്പം മുൻപന്തിയിലായിരുന്നു, എന്നും എക്കാലവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.