മണ്ണിലാണ്ട ജീവനുകൾ കണ്ടെത്താൻ ‘സമാൻ ഗുനാൻ’
text_fieldsകാഞ്ഞിരപ്പള്ളി: സമാൻ ഗുനാനെ അറിയില്ലേ...? തായ്ലൻഡിലെ താം ലുവാങ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച മുൻ നേവി ഉദ്യോഗസ്ഥൻ. ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി എൻ.എ. മുഹമ്മദ് യാസീൻ കണ്ടുപിടിച്ച നൂതന ഉപകരണത്തിന്റെ പേരും അതാണ്... സമാൻ ഗുനാൻ...!
ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളിൽ മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമാണ് മുഹമ്മദ് യാസീൻ രൂപകൽപന ചെയ്ത ഉപകരണം. ഈ പുതിയ ഉപകരണം ഉപയോഗിച്ച് മണ്ണിനടിയിൽ മൂന്ന് മീറ്റർ താഴ്ചയിലുള്ളവരെ വരെ കണ്ടെത്താം. ത്രീഡി ഇമേജ് പ്രോസസിങ് വഴി ചിത്രം കണ്ടെത്തി ഇൻഫ്രാറെഡ് കാമറയും സെൻസറുകളും ഉപയോഗിച്ച് ജീവനുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിഞ്ഞ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കുമെന്ന് മുഹമ്മദ് യാസീൻ പറഞ്ഞു.
തായ്ലൻഡിലെ താം ലുവാങ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിന്റെ വാർത്തകളാണ് ഇത്തരം ഉപകരണം കണ്ടെത്താൻ യാസിന് പ്രേരണയായത്. അതുകൊണ്ടുതന്നെയാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ച മുൻ തായ്ലൻഡ് നേവി ഉദ്യോഗസ്ഥനും മുങ്ങൽ വിദഗ്ധനുമായ സമാൻ ഗുനാന്റെ പേരുതന്നെ നൽകാൻ തീരുമാനിച്ചത്. ഉപകരണത്തിന് 22 മുതൽ 28 ലക്ഷം വരെയാണ് ചെലവ് കണക്കാക്കുന്നത്. ഗ്രൗണ്ട് പെനറ്ററേറ്റിങ്ങ് റഡാർ സ്ഥാപിക്കുന്നതിന് 13 ലക്ഷത്തോളം ചെലവാകും. ഇതിനുള്ള സഹായവും യങ് ഇന്നവേഴ്സ് പ്രോഗ്രാം വഴി കെ - ഡിസ്കിൽ നിന്നനുവദിക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 വിദ്യാർഥികളിൽ കോട്ടയം ജില്ലയിൽ നിന്നുള്ള ഏക ആളാണ് മുഹമ്മദ് യാസീൻ. സ്കൂളിലെ അടല്‍ ടിങ്കര്‍ ലാബിലെ ആനി സുഷമ, കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ്, പത്താമുട്ടം സെന്റ് ഗിറ്റ്സ് എന്‍ജിനീയറിങ് കോളജ്, ഗുവാഹട്ടി ഐ.ഐ.ടി എന്നിവടങ്ങളിലെ വിവിധ വകുപ്പുകൾ എന്നിവയുടെ സഹായത്തോടെയാണ് മുഹമ്മദ് യാസീന്‍ രക്ഷാഉപകരണത്തിന്റെ പ്രോട്ടോ ടൈപ്പിന്റെ ഡിജിറ്റല്‍ രൂപം നിര്‍മിച്ചത്. വാട്ടർ അതോറിറ്റി ജീവനക്കാരൻ ആനക്കല്ല് നെല്ലിമല പുതുപ്പറമ്പില്‍ എന്‍.എസ്. അന്‍ഷാദിന്റെയും എ.പി. മുബീനയുടെയും മകനാണ്. സഹോദരങ്ങൾ: ഇസാൻ നസ്രിൽ അൻഷാദ്, ഹാദി സൽമാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.