കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; അഖിൽ സി. വർഗീസിനെ പിരിച്ചുവിടുന്നു
text_fieldsകോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസ് പ്രതി അഖിൽ സി. വർഗീസിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടേക്കും. ഇതിനുമുന്നോടിയായി ഇയാൾക്ക് തദ്ദേശവകുപ്പ് കുറ്റാരോപണ മെമ്മോ നൽകി. ഒളിവിലുള്ള ഇയാൾ മെമ്മോ കൈപ്പറ്റാത്തതിനാൽ ഇക്കാര്യം കാട്ടി മാധ്യമങ്ങളിൽ പരസ്യവും നൽകിയിട്ടുണ്ട്. മെമ്മോക്ക് 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് അറിയിപ്പ്. നേരത്തെ കുറ്റാരോപണപത്രിക നൽകിയിരുന്നു. ക്ലർക്കായിരുന്ന അഖിൽ സി. വർഗീസ് കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ കൃത്രിമം കാട്ടി 2.40 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ ഇയാളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
നിലവിൽ സസ്പെൻഷനിലുള്ള അഖിലിനെതിരെ കൂടുതൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുറ്റാരോപണ മെമ്മോ പുറത്തിറക്കിയിരിക്കുന്നത്. സർക്കാറിനും വകുപ്പിനും അവമതിപ്പുണ്ടാക്കി ക്രമിനിൽ കേസ് പ്രതിയായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുന്ന മെമ്മോയിൽ, നേരത്തെ രശീത് ബുക്കിൽ ക്രമക്കേട് കാട്ടി പണം തട്ടിയതിന് സ്സപെൻഷൻ ലഭിച്ചതായും ചൂണ്ടിക്കാട്ടുന്നു. ഇതും അച്ചടക്കനടപടിയിൽ പരിഗണിക്കുമെന്നും മെമ്മോയിലുണ്ട്.
2,40,21,652 രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനൊപ്പം സംഭവം പുറത്തുവന്നതുമുതൽ അനധികൃത അവധിയിലുമാണ് അഖിൽ. നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ വിശദീകരണമൊന്നും നൽകാനില്ലെന്ന് കണക്കാക്കി അച്ചടക്കനടപടികൾ തുടരുമെന്നും തദ്ദേശവകുപ്പ് കോട്ടയം ജോ. ഡയറക്ടർ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രമിനൽ കേസിനൊപ്പം അനധികൃത അവധിയിലും തുടരുന്നതിനാൽ സർവീസിൽനിന്ന് പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.
ആഗസ്റ്റ് ഏഴിനാണ് അഖിൽ സി. വർഗീസിനെതിരെ കോട്ടയം മുനിസിപ്പൽ സെക്രട്ടറി കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അടുത്തിടെ അന്വേഷണ ചുമതല വിജിലൻസ് ഏറ്റെടുത്തു. ഇവരാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. എന്നാൽ, ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. 2020 ഒക്ടോബർ മുതൽ 2024 ആഗസ്റ്റ് വരെ കാലയളവിൽ 2.39 കോടി രൂപയാണ് അഖിൽ തട്ടിയെടുത്തത്. കോട്ടയം നഗരസഭയിൽ നിന്ന് പെൻഷൻ നൽകിയിരുന്ന മരിച്ചുപോയ മുൻ ജീവനക്കാരിയുടെ അക്കൗണ്ട് നമ്പർ തിരുത്തി ഇതേ പേരുള്ള സ്വന്തം മാതാവിന്റെ അക്കൗണ്ട് നമ്പർ ചേർത്താണ് പണം തട്ടിയത്. കോട്ടയത്ത് ജോലിചെയ്യുമ്പോഴും വൈക്കത്തേക്ക് സ്ഥലംമാറ്റം കിട്ടിപ്പോയ ശേഷവും ഇയാൾ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.