വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപന വ്യാപകമെന്ന് ആക്ഷേപം
text_fieldsഹബീബ് റഹ്മാൻ, മെഹ്ദുൾ ഇസ്ലാം
വൈക്കം: താലൂക്കിൽ സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് പാൻമസാല വിൽപന വ്യാപകമെന്ന് ആക്ഷേപം. താലൂക്കിൽ ചെറുകിട കടകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങളും, കഞ്ചാവും വിൽപന നടത്തുന്ന രണ്ട് അസം സ്വദേശികൾ കഴിഞ്ഞ ദിവസം എക്സൈസ് പിടിയിലായിരുന്നു. പി. ഹബീബ് റഹ്മാൻ, മെഹദുൾ ഇസ്ലാം എന്നിവരെയാണ് കടുത്തുരുത്തി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
വൈക്കം സ്വദേശികളായ രണ്ട് യുവാക്കളെ കടുത്തുരുത്തി എക്സൈസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വൈക്കം ബിവറേജിന് മുൻവശം അനധികൃതമായി പ്രവർത്തിക്കുന്ന പാൻ മസാല കടയിൽ നിന്നാണ് വാങ്ങിയെന്ന് വ്യക്തമായത്. ഇതേതുടർന്ന് നടത്തിയ പരിശോധനയിൽ പാൻ മസാല കട നടത്തിയിരുന്ന രണ്ട് പേരുടെ കൈയിൽ നിന്നും കഞ്ചാവ് കണ്ടെത്തി.
ബണ്ട് റോഡ് ഭാഗത്ത് പാൻ മസാല കച്ചവടം നടത്തിയിരുന്ന രണ്ട് പേർ താമസിച്ച വാടക വീട് പരിശോധിച്ച് കഴിഞ്ഞ വർഷം വൈക്കം എക്സൈസ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. തുടർന്ന് വൈക്കം എക്സൈസും വെച്ചൂർ പഞ്ചായത്തും ചേർന്ന് കട നീക്കം ചെയിരുന്നു. സ്കൂൾ തുറന്നതോടെ വീണ്ടും ഈ കടകൾ സജീവമായി.
കഴിഞ്ഞ ദിവസം സ്കൂൾ സുരക്ഷ കമ്മിറ്റിക്കുശേഷം വൈക്കം എക്സൈസ് പരിശോധന നടത്തിയപ്പോൾ ഹാൻസ് കണ്ടെത്തിയതിനെ തുടർന്ന് കട അടപ്പിച്ചിരുന്നു. വീണ്ടും അടുത്ത ദിവസം കട തുറന്നു. ഈ കടകൾ നിരോധിത പുകയില ഉൽപന്നങ്ങളും, കഞ്ചാവും വിൽപന നടത്തുന്നതായാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. സാധാരണ അതിഥി തൊഴിലാളികൾ കഞ്ചാവ് കേസിൽ പ്രതികളായാൽ ജാമ്യം എടുക്കാൻ ആളില്ലാതെ റിമാൻഡിലാവുകയാണ് പതിവ്. പക്ഷേ, ഈ കേസിൽ രണ്ട് വെച്ചൂർ സ്വദേശികൾ ഇവരെ ജാമ്യത്തിൽ എടുത്തതായി പറയപ്പെടുന്നു.
അതിഥി തൊഴിലാളികൾക്ക് ദിവസക്കൂലി നൽകി ബിനാമിയായി ലഹരി കച്ചവടം നടത്തുന്നുവെന്നും ആക്ഷേപം ഉണ്ട്. എക്സൈസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. സ്കൂൾ കുട്ടികൾ ഈ ലഹരി മാഫിയയുടെ കൈയിൽപ്പെടാതിരിക്കാൻ ജാഗ്രതയോടെ സ്കൂൾ അധികൃതരും, പഞ്ചായത്ത്, പൊലീസ്, എക്സൈസ് വകുപ്പുകൾ ഏകോപിച്ച് പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.