പട്ടാപ്പകൽ വീടുകയറി ആക്രമണം; കുട്ടികളടക്കം ആറുപേർക്ക് പരിക്ക്
text_fieldsചങ്ങനാശ്ശേരി: മാടപ്പള്ളിയിൽ നടയ്ക്കപ്പാടത്ത് പട്ടാപ്പകൽ വീടുകയറി ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. നടക്കപ്പാടം കുന്നുംപുറം വീട്ടിൽ രഞ്ജിനി (49), പ്രവീൺ (27), സുബിത (27), ബിൻസി (23), അലംകൃത (മൂന്ന്), അദ്വിക (ഒന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വയറിനു ചവിട്ടേറ്റ സുബിതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. വിഷുദിനത്തിൽ മാടപ്പള്ളി അമ്പലത്തിൽ കാവടിക്കിടെ തുള്ളിയതുമായി ബന്ധപ്പെട്ട് യുവാക്കൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. തൃക്കൊടിത്താനം പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, പൊലീസ് ഇടപെട്ട് ഇരുകൂട്ടരുമായി സംസാരിച്ച് പ്രശ്നം രമ്യതയിലാക്കി ഇവരെ പറഞ്ഞയച്ചു. തുടർന്ന് വെള്ളിയാഴ്ച ഒരുസംഘം ഇവരുടെ വീടുകളിലെത്തി ആക്രമണം നടത്തുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മർദനമേറ്റവർ ആരോപിച്ചു. ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗങ്ങൾ ശനിയാഴ്ച കുട്ടകളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.