സി.എൻ. വിനയകുമാറിന്റെ മൃതദേഹം വൈദ്യപഠനത്തിന്
text_fieldsസി.എൻ.വിനയകുമാർ
ചങ്ങനാശ്ശേരി: താലൂക്ക് ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്റെ ആദ്യകാല സംഘാടകൻ മോർക്കുളങ്ങര റൂബിനഗർ കൊച്ചുപറമ്പിൽ സി.എൻ. വിനയകുമാർ (70) നിര്യാതനായി. അർബുദബാധിതനായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ആഗ്രഹപ്രകാരം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനത്തിന് കൈമാറും. 1980- ’81 കാലത്താണ് ചങ്ങനാശ്ശേരി താലൂക്ക് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ സി.ഐ.ടി.യുവിന്റെ നേതൃനിരയിലേക്ക് കടന്നുവരുന്നത്.
തൊഴിലാളികളുടെ സംഘശക്തി വിളിച്ചോതി അന്ന് ആദ്യമായി സംഘടിപ്പിച്ച ഓട്ടോറിക്ഷാറാലി കേരളമാകെ ശ്രദ്ധിച്ചു. ഓരോവർഷം പിന്നിടുമ്പോഴും പങ്കാളിത്തംകൊണ്ട് അതിന്റെ തിളക്കമേറി. സമാപന സമ്മേളനങ്ങളിൽ ഇ.എം.എസ്, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ തുടങ്ങി സമുന്നത നേതാക്കൾ സ്ഥിരം പ്രാസംഗികരായിരുന്നു. പൊതുതെരഞ്ഞെടുപ്പുകളൊക്കെ വന്നാൽ തൊഴിലാളികളെ പ്രചാരണത്തിനിറക്കാനും വിനയൻ മുന്നിലുണ്ടാവും.
ഓട്ടോ തൊഴിലാളികളെ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ മാത്രമല്ല, സാമൂഹ്യപ്രതിബദ്ധതയുള്ളവരാക്കി മാറ്റാനും മുഖ്യപങ്ക് വഹിച്ചു. ചങ്ങനാശ്ശേരി കോഫിഹൗസ് സ്റ്റാൻഡ് അതിനുദാഹരണങ്ങളിലൊന്നാണ്. എട്ടുമാസം മുമ്പാണ് അദ്ദേഹം രോഗബാധിതനായത്.
മന്ത്രി വി.എൻ. വാസവൻ ഇടപെട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധചികിത്സ ഒരുക്കിയിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടിൽ കൊണ്ടുവരും. 3.30 വരെ പൊതുദർശനം. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് കൈമാറും. ഭാര്യ: പരേതയായ സുശീല. മക്കൾ: നയന, വിപിൻ. മരുമക്കൾ: നിഷാദ്, ജയലക്ഷ്മി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.