വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് അപകടകരമായ ഡ്രൈവിങ്; പതിനെട്ടുകാരൻ മദ്യലഹരിയിൽ ആയിരുന്നെന്ന് പൊലീസ്
text_fieldsതെങ്ങണയിൽ അപകടകരമായ ഡ്രൈവിങ് നടത്തി 18കാരൻ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച ഇന്നോവ കാർ
ചങ്ങനാശ്ശേരി: നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് റോഡിലൂടെ അപകടകരമായ ഡ്രൈവിങ് നടത്തിയ പതിനെട്ടുകാരൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഗോകുലിനെ (18) ആണ് തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ 18കാരനെ തിരുവനന്തപുരത്തെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.
ചൊവ്വാഴ്ച വൈകിട്ട് തെങ്ങണയിൽ നിന്നാണ് 18കാരനെ നാട്ടുകാരും പൊലീസും ചേർന്നു പിടികൂടിയത്. വാഹനത്തിന്റെ ടയർ പൊട്ടി തീപ്പൊരി പാറിയിട്ടും വേഗം കുറക്കാതെ റോഡിലൂടെ മരണപ്പാച്ചിൽ നടത്തിയ ഇന്നോവ കാർ നാട്ടുകാർ സാഹസികമായി തടയുകയായിരുന്നു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ 18കാരനെ തിരുവനന്തപുരത്തെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി. തിരുവല്ലയിൽ നിന്ന് വാടകക്കെടുത്ത കാറിൽ ചങ്ങനാശ്ശേരി ഭാഗത്തേക്ക് വന്ന ഗോകുൽ എട്ടു കിലോമീറ്ററോളം അമിതവേഗത്തിൽ പാഞ്ഞ് ഒരു ഡസനിലേറെ വാഹനങ്ങളിൽ ഇടിച്ചുതെറിപ്പിച്ചതായാണ് പരാതി. ഗോകുൽ ഓടിച്ചിരുന്ന കാർ ആദ്യം പായിപ്പാട് മുണ്ടുകോട്ട ഭാഗത്തുവച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന നന്ദിതയെ (21) ഇടിച്ചുവീഴ്ത്തി. അപകടത്തിൽ കൈക്കും കാലിനും ഗുരുതര പരിക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുശേഷം അമിതവേഗത്തിൽ തൃക്കൊടിത്താനം വഴി തെങ്ങണയിലെത്തിയ കാർ കണ്ണോട്ടയിൽവച്ച് ആറു വാഹനങ്ങളിൽ കൂടി ഇടിച്ചതായി പൊലീസ് പറഞ്ഞു. ഒരു ഡസനിലേറെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 18കാരന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ആർ.ടി.ഒ അറിയിച്ചു.

