മായാപുരിയിലെ കർഷകവിപ്ലവം
text_fieldsകൊയ്യാൻ പാകത്തിൽ വിളഞ്ഞ് നിൽക്കുന്ന മായാപുരിയിലെ നെൽപാടം
ഈരാറ്റുപേട്ട: ‘വേണേൽ ചക്ക വേരിലും കായ്ക്കും’ എന്ന പഴമൊഴിയെ അന്വർത്ഥമാക്കി സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരത്തിൽ സമൃദ്ധമായി നെല്ല് വിളയിച്ചെടുക്കുകയാണ് മായാപുരിയിലെ കർഷകകുടുംബം. മേലുകാവിൽനിന്ന് ഇലവീഴാപൂഞ്ചിറയിലേക്കുള്ള വഴിയിൽ പുതുപ്പറമ്പിൽ തറവാടിന് ചേർന്ന അരയേക്കർ സ്ഥലത്താണ് കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന നെൽപാടം പച്ചവിരിച്ച് നിൽക്കുന്നത്.
റിട്ട. പോസ്റ്റ്മാസ്റ്റർ പുതുപറമ്പ് ജോർജും മുൻ ഹിന്ദി അധ്യാപികയായ ഭാര്യ പി.എസ്. സൂസമ്മയുമാണ് പ്രായത്തിന്റെ അവശതകൾ മറന്ന് മണ്ണിൽ പൊന്ന് വിളയിക്കുന്നത്.ഭൂമിശാസ്ത്രപരമായി നെല്ല് വിളയിക്കാൻ പറ്റിയ ഭൗതിക സാഹചര്യങ്ങളൊന്നും ഈ പ്രദേശത്തിനില്ലെങ്കിലും പ്രകൃതി വരദാനമായി കനിഞ്ഞരുളിയ മണ്ണിൽ ഈ കുടുംബം പരമ്പരാഗതമായി വിത്തിറക്കി വരുന്നു.
ഇലവീഴാപൂഞ്ചിറ കുന്നിന് താഴെയുള്ള വലിയകുളത്തിൽ നിന്ന് ഊർന്നിറങ്ങുന്ന വെള്ളമാണ് ഈ പ്രദേശം ചതുപ്പ് നിലമാകാൻ കാരണം. വെള്ളം ഊറി ഇറങ്ങുന്ന വഴിത്താരയിലെ സ്ഥലങ്ങൾ മാത്രമാണ് നെൽകൃഷിക്കായി ഉപയോഗിക്കുന്നത്. ബാക്കി പ്രദേശങ്ങളിൽ മറ്റ് കൃഷികളാണ് ചെയ്യുന്നത്.ഉയർന്ന കൂലിച്ചെലവ്, കുറഞ്ഞ വരുമാനം, കളകൾ, കീടങ്ങൾ, രോഗങ്ങൾ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ കാരണങ്ങളാൽ നെൽകൃഷി ഉപേക്ഷിക്കുമ്പോഴും സ്വന്തം പാടത്ത് നിന്ന് കിട്ടുന്നതിൽ നിന്ന് ഒരുപിടി ഉണ്ണുന്നത് വലിയൊരു മനഃസംതൃപ്തിയാണെന്നാണ് സൂസമ്മ പറയുന്നത്.
കൊയ്ത്ത് കഴിഞ്ഞ് കച്ചകളാക്കി കെട്ടിയ കറ്റകൾ മെതിച്ചാണ് നെല്ല് വേർതിരിക്കുന്നത്. ആധുനികമെഷീനുകൾ രംഗം കൈയ്യടക്കിയെങ്കിലും എല്ലാം സ്വന്തം കൈകൊണ്ട് തന്നെ പാകമാക്കും. ഒരുതവണത്തെ കൃഷിയിൽ നിന്ന് 30 പറ 300 ഇടങ്ങഴി നെല്ല് കിട്ടും. ശരാശരി 150 കിലോ അരി കിട്ടും. ലാഭനഷ്ടങ്ങൾക്കപ്പുറം കുടുംബത്തിൽ സമൃദ്ധമായി ഭക്ഷ്യധാന്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ഇവർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.