എന്നുവരും പുതിയ കെട്ടിടം; പുതിയ കെട്ടിടത്തിനു വേണ്ടിയുള്ള തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിൻറെ കാത്തിരിപ്പ് നീളുന്നു
text_fieldsപണി പൂർത്തിയായ ടെക്നിക്കൽ ഹൈസ്കൂളിന്റെ പുതിയ കെട്ടിടം, ടെക്നിക്കൽ ഹൈസ്കൂൾ പ്രവർത്തിക്കുന്ന താൽക്കാലിക കെട്ടിടം
ഈരാറ്റുപേട്ട: നാലു പതിറ്റാണ്ടിന്റെ പഴക്കമുള്ള ടെക്നിക്കൽ സ്കൂളിനായി പണികഴിപ്പിച്ച പുതിയ കെട്ടിടത്തിൽ എന്ന് പഠനം തുടങ്ങാനാവുമെന്ന ചോദിക്കുകയാണ് തീക്കോയി ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർഥികൾ. ഓരോ അധ്യായനവർഷത്തിലും പുതിയ കെട്ടിടത്തിലേക്കു മാറും എന്ന പ്രതീക്ഷയിൽ പ്രവേശനം നേടും. പഠനം കഴിഞ്ഞാലും പുതിയ കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാകാറില്ല. 20 വര്‍ഷമായി നൂറുശതമാനം വിജയം നേടുന്ന സ്കൂളുകളിലൊന്നാണിത്. മലയോര മേഖലയിലെ സാധാരണക്കാരായ വിദ്യാർഥികളുടെ ആശ്രയമാണ് സ്കൂൾ.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 40 വർഷം മുമ്പ് തീക്കോയി പഞ്ചായത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചു തുടങ്ങിയത്. ഒരു ബാച്ചില്‍ 135 കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരമുണ്ട്. മൂന്ന് ബാച്ചിലായി നാനൂറിലധികം കുട്ടികൾ പഠിക്കേണ്ട സ്ഥാനത്ത് കെട്ടിട സൗകര്യങ്ങളുടെ കുറവുമൂലം 90 കുട്ടികള്‍ക്കു മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്.
കെട്ടിടത്തിന്റെ ഫിറ്റ്നസ് നഷ്ടപ്പെട്ടതോടെയാണ് സ്വന്തം കെട്ടിടം എന്ന ആവശ്യം ഉയർന്നത്. 2022ൽ നഗരസഭ പരിധിയിൽ രണ്ട് ഏക്കർ 40 സെന്റ് സ്ഥലം വാങ്ങി. 7.50 കോടി രൂപ അനുവദിച്ച് കെട്ടിടം പണിയും ആരംഭിച്ചു. മൂന്നു നിലകളിലായി പണിയുന്ന കെട്ടിടത്തില്‍ ക്ലാസ് മുറികളും വര്‍ക്ക്ഷോപ്പും അടക്കം എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 3550 ചതുരശ്ര അടിയില്‍ രണ്ടാം നിലയില്‍ ലാബും ഉള്‍പ്പെടുത്തിയാണ് കെട്ടിടം ഡിസൈൻ ചെയ്തിട്ടുള്ളത്.
ഒരുവർഷം മുമ്പ് കെട്ടിടം നിർമാണം പൂർത്തിയായതാണ്. സിവിൽ വർക്ക്, വയറിങ്, പ്ലംബിങ്, ഫ്ലോറിങ്, പെയിന്റിങ് ഉൾപ്പെടെ എല്ലാ പ്രവൃത്തികളും ഒരുമിച്ച് ചെയ്യുന്ന ടെൻഡർ നൽകി. എന്നാൽ, അനുവദിച്ച ഫണ്ട് തികഞ്ഞില്ല എന്ന കാരണത്താൽ പണികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ടെൻഡറുകൾ ആയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പണി എന്ന് തീരുമെന്ന കാര്യത്തിൽ അവർക്കും ഉറപ്പില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.