തേവരുപാറ കുടിവെള്ള പദ്ധതിയിലെ ഒരുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് പൊളിച്ചു നീക്കി
text_fields1)തേവരുപാറ ജനകീയ ജലസേചന പദ്ധതിയുടെ കുടിവെള്ള ടാങ്ക് പൊളിഞ്ഞു വീഴുന്ന നിലയിൽ 2)തേവരുപാറ ജനകീയ ജലസേചന പദ്ധതിയുടെ കുടിവെള്ള ടാങ്ക് പൊളിക്കും മുമ്പ്
ഈരാറ്റുപേട്ട: നാല് പതിറ്റാണ്ട് പഴക്കമുള്ള തേവരുപാറ ജനകീയ ജലസേചന പദ്ധതിയുടെ കുടിവെള്ള ടാങ്ക് പൊളിച്ചുമാറ്റി. പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ് ജല അതോറിറ്റി ഒരുലക്ഷം ലിറ്റർ വെള്ളം സംഭരണ ശേഷിയുള്ള നൂറടി ഉയരത്തിൽ സ്ഥിതിചെയ്തിരുന്ന ടാങ്ക് പൊളിച്ചത്. തേവരുപാറ ജനകീയ ജലസേചന പദ്ധതിയുടെ ടാങ്കും കൂടി നിലംപൊത്തുമ്പോൾ പദ്ധതിയിൽ അവശേഷിക്കുന്നത് തുരുമ്പിച്ച കുറേ പൈപ്പുകളും മറ്റൊരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചെറിയൊരു ടാങ്കും മാത്രമാകും. ഈ പ്രദേശത്ത് ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയിൽ വളരെ ദീർഘവീക്ഷണത്തോടെ ആരംഭിച്ച സ്വപ്ന പദ്ധതിയായിരുന്നു തേവരുപാറ ജലസേചനപദ്ധതി.
45 വർഷം മുമ്പ് ഈരാറ്റുപേട്ട പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന അഡ്വ. വി.എം.എ. കരീമിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന ജലസേചന വകുപ്പ് മന്ത്രിയായിരുന്ന അവുഖാദർകുട്ടി നഹക്ക് മുമ്പിൽ നിവേദനം സമർപ്പിച്ച് അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായി ആരംഭിച്ച പദ്ധതിയാണിത്. മീനച്ചിലാറ്റിൽ ഈലക്കയത്ത് കിണറും അതിനുമേൽ പമ്പ്ഹൗസും സ്ഥാപിച്ച് കാട്ടാമല കാരക്കാട് വഴി നാലര കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരംകൂടിയ പ്രദേശമായ തേവരുപാറയിൽ വലിയടാങ്ക് സ്ഥാപിച്ച് ശുദ്ധജലം എത്തിക്കലായിരുന്നു പദ്ധതിയുടെ ഉദ്ദേശം. ഈരാറ്റുപേട്ടക്ക് പുറമേ തീക്കോയി പഞ്ചായത്തിലെ വെട്ടിപ്പറമ്പ്, ആനിയിളപ്പ്, ഞണ്ടുകല്ല് പ്രദേശത്തെ നൂറുകണക്കിന് ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരുന്നു പദ്ധതി. ഈലക്കയം പമ്പ് ഹൗസിന്റെ പടിഞ്ഞാറ് ഭാഗത്ത് അള്ളുങ്കൽ ഭാഗത്ത് മറ്റൊരു ടാങ്ക് സ്ഥാപിച്ച് തലപ്പലം പഞ്ചായത്തിലെ ജനങ്ങൾക്കും വെള്ളം സുലഭമായി എത്തിക്കുകയായിരുന്നു ലക്ഷ്യം.
തുടക്കത്തിൽ തീക്കായി, തലപ്പലം, ഈരാറ്റുപേട്ട പഞ്ചായത്തുകളിലായി എണ്ണൂറോളം കണക്ഷനുകളും 180 പൊതുടാപ്പുകളും ഉണ്ടായിരുന്നു. കാലോചിതമായ അറ്റകുറ്റപ്പണികളുടെ അഭാവം മൂലം കൃത്യമായി വെള്ളം ലഭിക്കാതായതോടെ ഭൂരിപക്ഷം പേരും കണക്ഷനുകൾ വിച്ഛേദിക്കാൻ നിർബന്ധിതരായി. കാലപ്പഴക്കത്താൽ ദ്രവിച്ച പൈപ്പുകൾ റിപ്പയർ ചെയ്യാതായതോടെ പൈപ്പ് പൊട്ടലും ചോർച്ചയും തുടർക്കഥയായി. അതിനിടെയാണ് നാലുപതിറ്റാണ്ടിലേറെ പഴക്കമുള്ള ഈലക്കയത്തെ പമ്പ് ഹൗസും കിണറും 2011ൽ ആറ്റിലേക്ക് മറിഞ്ഞുവീഴുന്നത്. കാലപ്പഴക്കത്താൽ പമ്പ്ഹൗസ് തകർന്നുവീഴുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അറ്റകുറ്റപ്പണികൾക്കോ പുതുക്കിപ്പണിയുന്നതിനോ വേണ്ട ഒരു നടപടിയും വാട്ടർ അതോറിറ്റി കൈകൊണ്ടില്ല. പമ്പ് ഹൗസ് മറിഞ്ഞുവീണതോടെ കിണറിൽ സ്ഥാപിച്ച 40 ഹോഴ്സ് പവറിന്റെ രണ്ട് മോട്ടോറുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി.
പമ്പ് ഹൗസ് പൊളിഞ്ഞുവീഴുന്നതിന് അഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ ഉത്തരവാദപ്പെട്ടവർ വാട്ടർ അതോറിറ്റിയെ രേഖാമൂലം അറിയിച്ചിട്ടും ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്. പമ്പ്ഹൗസിന്റെ അപകടാവസ്ഥ തിരിച്ചറിഞ്ഞ ജീവനക്കാർ പമ്പ് ഹൗസിലേക്ക് പ്രവേശിക്കാതെയായി. പൊളിഞ്ഞുവീഴും എന്നുറപ്പുണ്ടായിട്ടും ഇതിൽ സ്ഥാപിച്ച വിലപിടിപ്പുള്ള രണ്ട് മോട്ടറുകൾ മാറ്റാൻ അധികൃതർ ശ്രദ്ധിച്ചില്ല. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും ഉണ്ടായി.
ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ പ്രവർത്തനമാണ് ഈ പമ്പ് ഹൗസിനെ തകർച്ചയിലേക്ക് നയിച്ചത്. 25 വർഷം മുമ്പ് കടുത്തവേനലിൽ കിണറിൽ വെള്ളം ഇല്ലാതായപ്പോൾ, ആറ്റിലെ വെള്ളം നേരിട്ട് കിണറ്റിലേക്കിറക്കാനായി കിണറിന്റെ അടിഭാഗത്ത് ദ്വാരം ഇട്ടതാണ് കിണറിന് ബലക്ഷയം സംഭവിക്കാനിടയാക്കിയത്. ശക്തമായ നീരൊഴുക്ക് സംഭവിച്ചപ്പോൾ ഈ ദ്വാരത്തിന് വലിപ്പം കൂടി.
മാലിന്യങ്ങൾ ഉൾപ്പെടെ കിണറ്റിലേക്ക് ഒഴുകിയെത്തിയതും കിണറിന്റെ ശക്തി ക്ഷയിക്കാൻ കാരണമായി. കിണർ നിലംപൊത്തിയ അന്ന് മുതൽ ആറ്റിൽ നിന്ന് നേരിട്ടാണ് വെള്ളം പമ്പ് ചെയ്ത് കുടിവെള്ളമായി നൽകുന്നത്. മൂന്ന് വർഷം മുമ്പ് വരെ ടാങ്കിൽ വെള്ളം സംഭരിക്കുന്നുണ്ടായിരുന്നു. സംഭരണശക്തി കുറഞ്ഞതോടെ പമ്പിങ് നേരിട്ടാക്കി. തടസ്സമില്ലാതെ വെള്ളം കിട്ടാൻ നടപടികൾ ചെയ്തിട്ടുണ്ടെന്നാണ് ജല അതോറിറ്റി അസി. എൻജിനീയർ പറയുന്നത്.
‘പുതിയ ജലസേചന ടാങ്ക് നിർമിക്കും’
ഈരാറ്റുപേട്ട: തേവരുപാറ ജലസേചന പദ്ധതിയുടെ കുടിവെള്ള ടാങ്ക് പൊളിച്ചുമാറ്റിയ സ്ഥലത്ത് പുതിയ ടാങ്ക് നിർമാണം നടത്തുമെന്ന് നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ശുദ്ധജല വിതരണത്തിനായി 20 കോടി അനുവദിച്ചു.
മലങ്കരയിൽനിന്ന് ടണൽ വഴി കൊണ്ടുവരുന്ന വെള്ളം വെട്ടിപ്പറമ്പിലെ ടാങ്കിൽ എത്തിക്കും. തുടർന്ന് നഗരസഭയുടെ മേൽനോട്ടത്തിൽ വെട്ടിപ്പറമ്പിലെ ടാങ്കിൽ നിന്ന് പൈപ്പ് വഴി പുതുതായി തേവരുപാറയിൽ പണിയുന്ന ടാങ്കിൽ എത്തിക്കും. ഇവിടെനിന്ന് ജനകീയ ജലസേചന പദ്ധതികളുടെ വിതരണ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നതാണ് അമൃത് പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.