കോഴികളെ കൊന്നൊടുക്കി തെരുവുനായ്ക്കൾ; പൊറുതിമുട്ടി വാഴക്കാല നിവാസികൾ
text_fieldsഎരുമേലി: തെരുവുനായ് ശല്യം രൂക്ഷമായതോടെ പഞ്ചായത്ത് വാഴക്കാല വാർഡിലെ ജനങ്ങൾ പൊറുതിമുട്ടി. ടൗണിനോട് ചേർന്ന് നൂറുകണക്കിന് വീടുകളുള്ള പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കൾ ജനങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ പ്രദേശത്തെ പല വീടുകളിൽ നിന്നും നിരവധി കോഴികളെയാണ് നായ്ക്കൾ കടിച്ചുകീറിക്കൊന്നത്. നായ്ക്കൾ കൂട്ടമായെത്തി മുഴുവൻ കോഴികളെയും ആക്രമിച്ച് കൊല്ലുകയാണ്. രാത്രി സമയങ്ങളിൽ കൂട്ടിൽനിന്ന് കോഴികളുടെ കാല് വലിച്ചുകീറിയെടുക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
തെരുവുനായ ശല്യം രൂക്ഷമായതോടെ രാവിലെ കുട്ടികളെ മദ്റസകളിലേക്ക് അയക്കാൻ പോലും രക്ഷിതാക്കൾ ഭയക്കുന്ന അവസ്ഥയാണ്. തെരുവുനായ്ക്കളെ കണ്ട് കുട്ടികൾ പേടിച്ചോടുന്നു. കൃഷിഭവൻ, ആയുർവേദ ആശുപത്രി എന്നിവ പ്രവർത്തിക്കുന്ന പഞ്ചായത്ത് സ്ഥലത്തും പരിസര പ്രദേശങ്ങളിലുമാണ് തെരുവുനായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തെരുവ് നായ്ക്കളെ പിടിച്ചുകൊണ്ടുപോകുന്നതും വന്ധ്യംകരിക്കുന്നതും അടക്കം നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.