വന്യമൃഗ ശല്യം: പൊറുതിമുട്ടി മലയോര കർഷകർ
text_fieldsമുക്കംപെട്ടി പത്തേക്കറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്ത്
എരുമേലി: വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി വനമേഖലയിലെ കർഷക കുടുംബങ്ങൾ. എരുമേലി, ശബരിമല വനാതിർത്തികൾ പങ്കിടുന്ന പ്രദേശങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷം. കാട്ടാനയും കാട്ടുപന്നിയും മുതൽ കാട്ടുപോത്തുകൾ വരെ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് പതിവാണ്. കണമല-ഇടകടത്തി സമാന്തരപാതയിലെ പാറക്കടവിൽ കഴിഞ്ഞ ദിവസം ഒറ്റയാനിറങ്ങി കൃഷി നശിപ്പിച്ചു.
പുതിയാപ്പറമ്പിൽ ടോമിയുടെ പച്ചക്കറി കൃഷിയും ഏത്തവാഴ, കമുക്, കൊക്കോ മരങ്ങൾ എന്നിവ കൊമ്പൻ നശിപ്പിച്ചത്. മേച്ചേരിത്തകിടിയേൽ ജോണിന്റെ കൃഷിയിടത്തിലെ കുലച്ചവാഴകളും കമുകുകളും കാട്ടാന നശിപ്പിച്ചു. വനത്തിൽനിന്ന് പമ്പയാറ് കടന്നാണ് ഒറ്റയാൻ ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സമീപ മേഖലകളായ ഇടകടത്തി, അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങളിലും കാട്ടാന ശല്യമുണ്ട്.
മുക്കംപെട്ടി, പത്തേക്കർ ഭാഗത്ത് കാട്ടുപോത്തും എത്തിയതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ടി.കെ ഷിജുകുമാറിന്റെ കൃഷിയിടത്തിൽ കാട്ടുപോത്തിറങ്ങി നാശം വിതച്ചു. മൂക്കംപെട്ടി, പത്തേക്കർ, അരുവിക്കൽ, എയ്ഞ്ചൽവാലി, മൂലക്കയം, കിസുമം, അരയാഞ്ഞിലിമൺ തുടങ്ങിയ പ്രദേശങ്ങളിൽ കുരങ്ങ്, മലയണ്ണാൻ എന്നിവയുടെ ശല്യവുമുണ്ട്. കൊക്കോ, നാളികേരം എന്നിവ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കർഷകർക്ക് കൃഷി ചെയ്യാനാവാത്ത അവസ്ഥയാണ്. വന്യമൃഗശല്യം രൂക്ഷമായ മേഖലകളിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.