മദ്യലഹരിയിൽ യുവാക്കൾ തമ്മിലടിച്ചു; നിയന്ത്രിക്കാനെത്തിയ പൊലീസിനും മർദനം
text_fieldsഎരുമേലി: മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ നടുറോഡിൽ തമ്മിലടിച്ചു. സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് എരുമേലി സ്വദേശി റഫീഖ് (47), മകൻ അജാസ് (21), ഇരുമ്പൂന്നിക്കര സ്വദേശി അനന്ദു (21) എന്നിവർക്കെതിരെ കേസെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതോടെ എരുമേലി പേട്ട കവലയിലാണ് സംഭവം.
മദ്യലഹരിയിൽ ഒരു സംഘം യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തമ്മിലടിച്ചതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. എന്നാൽ, പൊലീസെത്തി നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ അവർക്ക് നേരെ ആക്രമണവും യൂനിഫോം വലിച്ചുകീറിയ സംഭവവും ഉണ്ടായി. ഇതിനിടെ ചിലർ കടന്നുകളഞ്ഞു. മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ പി.എസ്. അൻസുവിന് പരിക്കേറ്റു.
ഇതോടെ നാട്ടുകാരുടെ സഹായത്തോടെ മൂന്നുപേരെ പൊലീസ് ജീപ്പിൽ കയറ്റി എരുമേലി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവർക്കെതിരെ കേസെടുത്ത പൊലീസ് തിങ്കളാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കി. തമ്മിലടിച്ച യുവാക്കൾ മദ്യത്തിനൊപ്പം ലഹരി പദാർഥങ്ങൾ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നുവെന്നും അജാസ്, അനന്ദു എന്നിവർ ഇതിന് മുമ്പും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
എന്നാൽ, സ്റ്റേഷനിൽവെച്ച് പൊലീസുകാർ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദിച്ചെന്ന് സംശയിക്കുന്ന വിഡിയോയും ഇതിനിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പൊലീസ് മർദിക്കുന്നതും യുവാവ് നിലവിളിക്കുന്നതും വിഡിയോയിലുണ്ട്. ഇതോടെ പൊലീസിനെതിരെയും പ്രതിഷേധമുയർന്നു.
എന്നാൽ, മർദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് പറയുന്നു. സ്റ്റേഷനിൽവെച്ച് പിടിയിലായവർ തമ്മിൽ ചീത്തവിളിയും കൈയാങ്കളിക്കുള്ള ശ്രമവും ഉണ്ടായതായും ഇവരെ സെല്ലിലേക്ക് മാറ്റാൻ ബലം പ്രയോഗിക്കേണ്ടി വന്നെന്നും ഇതിനിടെ ആരോ പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് പൊലീസ് ഭാഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.