കേന്ദ്രമന്ത്രിക്ക് മുന്നിൽ ‘ദുരിതഭാണ്ഡം’ തുറന്ന് ട്രെയിൻ യാത്രികർ
text_fieldsകേന്ദ്രമന്ത്രി ജോർജ് കുര്യന് ഫ്രണ്ട്സ് ഓൺ റെയിൽസ് കൂട്ടായ്മ നിവേദനം നൽകുന്നു
ഏറ്റുമാനൂർ: വഞ്ചിനാട് എക്സ്പ്രസിന് ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ട്രെയിൻ യാത്രികർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച പരാതികളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഏറ്റുമാനൂർ മുൻസിപ്പാലിറ്റി 16ാം വാർഡ് അംഗൻവാടി നിർമാണ ഉദ്ഘാടനത്തിന് എത്തിയ കേന്ദ്രമന്ത്രിക്ക് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ്, കൗൺസിലർ ഉഷ സുരേഷ്, ബി.ജെ.പി ജില്ല ട്രഷറർ ശ്രീജിത്ത് കൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ, ജില്ല സെക്രട്ടറി സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ സംയുക്തമായാണ് നിവേദനം നൽകിയത്.
രാവിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ അഭാവം മൂലം വലിയ ദുരിതമാണ് കിഴക്കൻ മേഖലയിലെ യാത്രക്കാർ അനുഭവിക്കുന്നത്. ഏറ്റുമാനൂരിലെയും പരിസര പഞ്ചായത്തുകളിലെയും നിരവധി യാത്രക്കാർ ഓഫീസ്, ആശുപത്രി ആവശ്യങ്ങൾക്ക് പുലർച്ചെ കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയാണ് യാത്ര ചെയ്യുന്നതെന്നും പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യത്തിന് ഇനിയും താമസം അരുതെന്നും ഉഷ സുരേഷ് പറഞ്ഞു.
എം.ജി. യൂനിവേഴ്സിറ്റി, മെഡിക്കൽ കോളജ്, ഐ സി.എച്ച്, ഐ ടി ഐ, ബ്രില്യന്റ് കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ-അർധ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, നിരവധി വ്യവസായ സ്ഥാപനങ്ങൾ, ഏറ്റുമാനൂർ ക്ഷേത്രം, ചാവറ മ്യൂസിയം, അൽഫോൻസ തീർഥാടന കേന്ദ്രം, അതിരമ്പുഴ പള്ളി പോലുള്ള തീർഥാടനകേന്ദ്രങ്ങൾ എന്നിവ ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രാധാന്യം വർധിപ്പിക്കുന്നതായി ശ്രീജിത്ത് കൃഷ്ണൻ പറഞ്ഞു.
പുലർച്ചെ തിരുവനന്തപുരം ഭാഗത്തേക്ക് കോട്ടയത്തുനിന്ന് കയറുന്നതിൽ സിംഹഭാഗം യാത്രക്കാരും ഏറ്റുമാനൂർ സ്റ്റേഷൻ കടന്നാണ് പോകുന്നതെന്നും കോട്ടയത്ത് സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന പാർക്കിങ് അടക്കമുള്ള അസൗകര്യങ്ങൾക്ക് ഏറ്റുമാനൂരിൽ വഞ്ചിനാടിന് സ്റ്റോപ്പിലൂടെ പരിഹാരമാകുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസിന് വേണ്ടി ശ്രീജിത്ത് കുമാർ നൽകിയ നിവേദനത്തിൽ പറഞ്ഞു.
ഐലൻഡ് പ്ലാറ്റ് ഫോം ആയതുകൊണ്ട് സമയനഷ്ടം കൂടാതെയും ഷെഡ്യൂളിൽ മാറ്റം വരുത്താതെയും സർവീസ് തുടരനാകുമെന്ന് സ്റ്റോപ്പിന് മറ്റു സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. വഞ്ചിനാടിന്റെ സ്റ്റോപ്പ് പരിഗണനയിലുണ്ടെന്നും തീർച്ചയായും അടിയന്തിര ഇടപെടൽ നടത്തുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
രാവിലെ വേണാടിന് മുമ്പുള്ള സ്പെഷൽ മെമുവിലെ തിരക്ക് പരിഹരിക്കാൻ 16 കാർ മെമു അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ബി. കോളജ് ആലപ്പുഴ കെമിസ്ട്രി വിഭാഗം തലവനായി വിരമിച്ച കൃഷ്ണകുമാർ ഒപ്പുശേഖരണം നടത്തി കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


