എക്സൈസ് ലേലം; വിറ്റത് 10 ഇരുചക്രവാഹനം
text_fieldsകോട്ടയം: വിവിധ കേസുകളിൽ എക്സൈസ് പിടികൂടിയ വാഹനങ്ങളിൽ നേരിട്ടുള്ള ലേലത്തിൽ വിറ്റുപോയത് 10 എണ്ണം. ബൈക്ക്, സ്കൂട്ടർ അടക്കം ഇരുചക്രവാഹനങ്ങളാണ് ഇവയെല്ലാം. 69 വാഹനങ്ങളാണ് ലേലത്തിൽ വെച്ചിരുന്നത്. 18 എണ്ണം അബ്കാരി കേസുകളിലും 51 എണ്ണം എൻ.ഡി.പി.എസ് കേസുകളിലും പിടികൂടിയവയാണ്.
അബ്കാരി കേസുകളിലെ രണ്ടും എൻ.ഡി.പി.എസ് കേസുകളിലെ എട്ടും വണ്ടികൾ ലേലത്തിൽ പോയി. എൻഫീൽഡ് ബുള്ളറ്റാണ് ഉയർന്ന വിലക്കു പോയത്. 61,000 രൂപ വിലയിട്ട ബുള്ളറ്റ് 76,000 രൂപക്കാണു ലേലം പോയത്. കുറഞ്ഞ വില 2001 മോഡൽ ബൈക്കിനായിരുന്നു. 2,000 രൂപ വിലയിട്ട വണ്ടി 3,500 രൂപക്ക് പോയി. ഉയർന്ന വില നിശ്ചയിച്ചിരുന്നത് ഏറ്റുമാനൂരിൽ കഞ്ചാവുമായി പിടിച്ച ലോറി ആയിരുന്നു; അഞ്ചര ലക്ഷം രൂപ. ഇത് ലേലത്തിൽ പോയില്ല. കേന്ദ്ര സർക്കാർ വെബ്സൈറ്റായ എം.എസ്.ടി.സി വഴി ഓൺലൈൻ ലേലമാണ് ഇതുവരെ നടത്തിയിരുന്നത്.
അതുകൊണ്ട് കൂടുതൽ പേർ പങ്കെടുത്തിരുന്നില്ല. ആദ്യമായാണ് നേരിട്ട് ലേലം വെച്ചത്. ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, കാസർകോട് ജില്ലകളിലാണ് ലേലം കഴിഞ്ഞത്. മറ്റു ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ നടക്കും. 16നായിരുന്നു കോട്ടയം ജില്ലയിലെ ലേലം. 64 പേർ പങ്കെടുത്തു. ഓൺലൈൻ ലേലത്തിൽ പോകാത്ത വാഹനങ്ങളാണ് നേരിട്ടുള്ള ലേലത്തിൽ വെക്കുന്നത്. രണ്ടു തവണ ഇവ ഓൺലൈനിൽ വെച്ചതായിരുന്നു. 5000 രൂപ രജിസ്ട്രേഷൻ ഫീസ് വെച്ചായിരുന്നു പ്രവേശനം.
ലേലം കൊള്ളാത്തവർക്ക് രജിസ്ട്രേഷൻ ഫീസ് തിരിച്ചുനൽകി. പത്തുപേരിൽ എട്ടുപേർ മുഴുവൻ പണവും രണ്ടുപേർ പകുതി പണവും അടച്ചു. നടപടി പൂർത്തിയാക്കി വാഹനങ്ങൾ ഉടൻ ഇവർക്കു വിട്ടുനൽകും. 47 വാഹനങ്ങളുടെ അടുത്ത ലിസ്റ്റ് നേരിട്ടുള്ള ലേലത്തിന് ഒരുങ്ങുന്നുണ്ട്. 20 വാഹനങ്ങളുമായി 20ന് അടുത്ത ഓൺലൈൻ ലേലം നടക്കും. ഇതിൽ പോകാത്ത വാഹനങ്ങളും നേരിട്ടുള്ള ലേലത്തിനു വരും.
ബാക്കി വാഹനങ്ങളുടെ വില പുനർനിർണയിക്കും
ഇത്തവണ ലേലത്തിൽ പോകാത്ത 59 വാഹനങ്ങൾ മെക്കാനിക്കൽ എൻജിനീയർ വീണ്ടും പരിശോധിച്ച് വില പുനർനിർണയിക്കും. തുടർന്ന് നേരിട്ടുള്ള ലേലത്തിനുവെക്കും. ഇത്തവണത്തെ വില 2022 ൽ നിശ്ചയിച്ചതാണ്. പുനഃപരിശോധിക്കുമ്പോൾ കുറയും. കേസുകളിൽപെട്ട വാഹനങ്ങളാണെന്നു കരുതി ആശങ്ക വേണ്ട. കോടതി നടപടി പൂർത്തിയാക്കിയ വാഹനങ്ങളാണിവ. എങ്ങനെയാണോ വാഹനങ്ങൾ പിടിച്ചത് അതേ അവസ്ഥയിൽ തന്നെയാണ് നൽകുക. മെക്കാനിക്കൽ എൻജിനീയർ പരിശോധിച്ചാണ് അടിസ്ഥാന വില നിർണയിക്കുന്നത്. വാഹനങ്ങൾ നേരിൽ കാണാനും അവസരമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.