വായ്പ തുകയുടെ ഗഡു അടക്കാൻ വൈകി; പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ വീട് കയറി ആക്രമിച്ചു
text_fieldsസുരേഷ്
ഗാന്ധിനഗർ: വായ്പയെടുത്ത തുകയുടെ ഗഡു അടക്കാൻ വൈകിയതിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ വീട്ടിൽ കയറി ആക്രമിച്ചു. ആർപ്പൂക്കര പനമ്പാലത്തിന് സമീപം പാറപ്പുറത്ത് ആറാട്ടുകുന്നേൽ സുരേഷിനെയാണ് (55) സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ മർദിച്ചത്.
കോട്ടയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനമായ ബെൽസ്റ്റാറിലെ ജീവനക്കാരൻ ജാക്സനാണ് സുരേഷിനെ മര്‍ദിച്ചത്. തിങ്കളാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. ജാക്സണും മറ്റൊരാളുമായി സുരേഷിന്റെ വീട്ടിലെത്തി. സുരേഷ് സ്ഥാപനത്തിൽ നിന്നും എടുത്ത വായ്പയുടെ തവണ മുടങ്ങിയതിനെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ജാക്സൺ വീടിന്റെ പൂമുഖത്തിരുന്ന ആനയുടെ പ്രതിമയെടുത്ത് സുരേഷിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഏറുകൊണ്ട് സുരേഷിന്റെ ഇടത് ചെവിക്ക് പരിക്കേറ്റു. 10,000 രൂപയാണ് സുരേഷ് ഇനി തിരിച്ചടക്കാനുള്ളത്.
മരപ്പണിക്കാരനാണ് സുരേഷ്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് സുരേഷിനെ മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പണം അടക്കാൻ വൈകിയതെന്ന് സുരേഷ് വീട്ടിൽ എത്തിയ സ്ഥാപനത്തിലെ ജീവനക്കാരനെ അറിയിച്ചു. എന്നാൽ ഇയാൾ പണം ആവശ്യപ്പെട്ട് വീട്ടിൽ വന്ന് അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥ ഉണ്ടായതിനെ തുടർന്ന് സുരേഷിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജാക്സനെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.