ജൂനിയർ ഡോക്ടറെ അധിക്ഷേപിച്ചെന്ന് പരാതി; ഫോറൻസിക് വിഭാഗം മേധാവിക്ക് സ്ഥലം മാറ്റം
text_fieldsഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടറെ (പി.ജി വിദ്യാർഥി) അധിക്ഷേപിച്ചെന്ന പരാതിയിൽ ഫോറൻസിക് വിഭാഗം മേധാവിയെ സ്ഥലം മാറ്റി.
മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെയാണ് എറണാകുളം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിലാണ് നടപടി. മാനസിക പീഡനം, പരസ്യമായി അസഭ്യം പറയൽ, പരീക്ഷയിൽ തോൽപിക്കുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി പി.ജി വിദ്യാർഥി ഡോ. വിനീതാണ് പരാതി നൽകിയത്. നേരത്തേ ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും തുടർന്നാണ് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, യുവജന കമീഷൻ എന്നിവർക്ക് പരാതി നൽകിയതെന്നും ഡോ. വിനീത് പറഞ്ഞു. കഴിഞ്ഞ നവംബർ എട്ടിനാണ് പരാതിക്ക് ആസ്പദമായ സംഭവം.
ലിസ ജോൺ പട്ടിയെന്ന് വിളിക്കുകയും മുഖത്ത് അടിക്കാൻ വരുകയും അശ്ലീലം കലർന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തതായും ഡോ. വിനീത് പരാതിയിൽ പറയുന്നു. 2023 നവംബറിലും സമാന സംഭവം നടന്നിരുന്നു. അന്ന് ഓട്ടോപ്സിക്കിടയിൽ ഡോ. ലിസ ജോൺ കുപിതയായി സംസാരിക്കുകയും രണ്ടുപ്രാവശ്യം മോർച്ചറി ബാൻ നേരിടേണ്ടി വരുകയും ചെയ്തു.
പോസ്റ്റ്മോർട്ടം ചെയ്യാൻ കേസ് തരാതെയും പോസ്റ്റ്മോർട്ടം കാണാൻ അവസരം നിഷേധിച്ചും ബുദ്ധിമുട്ടിച്ചു. പരാതിക്കൊപ്പം ഡിജിറ്റൽ തെളിവുകളും നൽകിയിരുന്നു. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളജിൽ എത്തി അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റിയത്. ഇവർ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി മറ്റ് വിദ്യാർഥികളും ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.