വാട്ടർ എ.ടി.എമ്മും പ്രവർത്തനരഹിതം; മെഡിക്കൽ കോളജിൽ കുടിവെള്ളം കിട്ടാക്കനി
text_fieldsപ്രവർത്തനരഹിതമായ കോട്ടയം മെഡിക്കൽ കോളജിലെ വാട്ടർ എ.ടി.എം
ഗാന്ധിനഗർ: ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽനിന്ന് നൂറുകണക്കിന് രോഗികളെത്തുന്ന കോട്ടയം മെഡിക്കൽ കോളജിൽ ശുദ്ധമായ കുടിവെള്ളം കിട്ടാക്കനി. രണ്ടാം വാർഡിനും മൂന്നാം വാർഡിനും സമീപത്തായി മുമ്പ് കുടിവെള്ളത്തിനായി വാട്ടർ ഫിൽറ്റർ സജ്ജീകരിച്ചിരുന്നു. ഇപ്പോൾ ഇവ പ്രവർത്തിക്കുന്നില്ല. ഒ.പി കൗണ്ടറിന് സമീപത്തും നേരത്തേ ശുദ്ധജലം ലഭ്യമാക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ഫാർമസിക്ക് സമീപത്ത് വാട്ടർ എ.ടി.എം സംവിധാനവുമുണ്ടായിരുന്നു. ഇവയെല്ലാം ഇപ്പോൾ പ്രവർത്തനരഹിതമാണ്.
വിവിധ ചികിത്സകൾക്കായി പ്രതിദിനം നിരവധി പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. ഒപ്പം വിവിധ വാർഡുകളിലായി നൂറുകണക്കിന് രോഗികളും ചികിത്സയിലുണ്ട്. ഇവരുടെ കൂട്ടിരിപ്പുകാർക്കും കുടിവെള്ള ശേഖരണം വെല്ലുവിളിയാണ്.
പലരും കുടിവെള്ളത്തിന് ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. പണം നൽകി കുപ്പിവെള്ളം വാങ്ങുന്നവരും ഏറെ. കൈയിൽ കാശില്ലാത്തവർ ക്ലോറിൻ ചുവയുള്ള ആശുപത്രിയിലെ പൈപ്പുവെള്ളം കുടിക്കേണ്ട സ്ഥിതിയാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടുന്ന മെഡിക്കൽ കോളജിൽ ശുദ്ധമായ കുടിവെള്ളം ഏർപ്പെടുത്താൻ അടിയന്തര നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.