3 മാസം 48 ലക്ഷം രൂപ വരുമാനം; ഹിറ്റായി കുടുംബശ്രീ പ്രീമിയംകഫേ
text_fieldsകുറവിലങ്ങാട് പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റാറന്റ്
കോട്ടയം: രുചിവൈവിധ്യങ്ങളാൽ ശ്രദ്ധേയമായ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റാറന്റ് വരുമാനത്തിലും ഹിറ്റാവുന്നു. തുടങ്ങി മൂന്നുമാസത്തിനകം 48.9 ലക്ഷം രൂപയാണ് പ്രീമിയം കഫേയിൽനിന്നുള്ള വരുമാനം. കുടുംബശ്രീ അംഗങ്ങളായ 50 വനിതകൾക്ക് തൊഴിലും ഉറപ്പാക്കുന്നു. ഏപ്രിൽ ഒമ്പതിനാണ് കുറവിലങ്ങാട് പ്രീമിയം കഫേ പ്രവർത്തനം ആരംഭിച്ചത്.
ആ മാസം 9,74,199 രൂപയാണ് വരുമാനം. മേയിൽ 20,66,323 രൂപയും ജൂണിൽ 18,52,845 രൂപയും വരുമാനം ലഭിച്ചു. ഏഴുപേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കഫേയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. പാചകം, വിതരണം, ശുചീകരണം, ബില്ലിങ്, ബേക്കറി തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. പാചകം, സർവിസ്, സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ നാല് പുരുഷൻമാർ ഉണ്ട്. എല്ലാദിവസവും രാവിലെ 7.30ന് പ്രഭാതഭക്ഷണവുമായി കഫേ തുറക്കും.
രാത്രി 10 വരെയാണ് പ്രവർത്തനം. ശനി, ഞായർ ദിവസങ്ങളിൽ കഫേയിൽ നിന്നുതിരിയാനാവാത്ത വിധം തിരക്കാണ്. പൂർണമായി ശീതീകരിച്ച റസ്റ്റാറന്റിൽ 75 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. കുറവിലങ്ങാട് സയന്‍സ് സിറ്റിക്ക് സമീപത്ത് 4000 ചതുരശ്ര അടിയിലാണ് പ്രീമീയംകഫേ പ്രവർത്തിക്കുന്നത്. രണ്ടാംനിലയിൽ രണ്ട് ഹാളുകൾ പുറത്ത് പരിപാടികൾക്ക് വാടകക്ക് നൽകുന്നുമുണ്ട്. മൂന്നാംനിലയിൽ ഷീ ലോഡ്ജ് ഉടൻ ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.