ദുരിതങ്ങളുടെ ബസ് സ്റ്റാൻഡ്
text_fieldsകാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിലെ ഇരുമ്പ് ഗ്രില്ലുകൾ ഇടിഞ്ഞു താഴ്ന്ന നിലയിൽ, ബസ് സ്റ്റാൻഡ് കവാടത്തിലെ സ്ലാബുകൾ തകർന്ന നിലയിൽ
പരിമിതികളുടെയും ദുരിതക്കാഴ്ചകളുടെയും സങ്കേതമാവുകയാണ് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ്. അധികൃതരുടെ അനങ്ങാപ്പാറ നയത്തിന്റെ തീരായാതനകളിലൂടെയാണ് ആയിരക്കണക്കിനു യാത്രക്കാർ ദിനംപ്രതി കടന്നുപോകുന്നത്. അപകട സാധ്യതകൾ കൺമുന്നിൽ നിൽക്കുന്ന ബസ് സ്റ്റാൻഡിന്റെ പ്രതിസന്ധികളിലൂടെ മാധ്യമം നടത്തുന്ന യാത്ര ഇന്നു മുതൽ..
കാഞ്ഞിരപ്പള്ളി: അസുഖം വരുമോ, അപകടം വരുമോ? ദിനംപ്രതി നൂറു കണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന മലയോര മേഖലയുടെ കവാടമായ കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിലെത്തുന്ന ഓരോരുത്തരുടെയും ചോദ്യമാണിത്. ടൗണിന്റെ ഹൃദയഭാഗത്തുള്ള സ്റ്റാൻഡിൽ ബസിൽ എത്തുന്ന യാത്രക്കാർ ഇതിൽ രണ്ടിലും പെടാതെ പോയാൽ അത് ഭാഗ്യം ഒന്നുകൊണ്ട് മാത്രം. അത്രയേറെ മലിനവും അപകട സാധ്യത നിറഞ്ഞതുമാണ് സ്റ്റാൻഡും പരിസരവും.
സ്റ്റാൻഡിൽ അഞ്ചു വർഷം മുമ്പ് ടൈൽ പാകി നിർമിച്ച നടകൾ പൊട്ടിപ്പൊളിഞ്ഞു, നടപ്പാതകളിലെ സ്ലാബുകൾ തകർന്നു കിടക്കുകയാണ്. ദേശീയപാതയിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ ഇടുങ്ങിയ വഴികളിലെ കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് കമ്പികൾ വെളിയിലാണ്.
ബസുകൾ ദേശീയ പാതയിലേക്ക് ഇറങ്ങുമ്പോൾ അടിഭാഗം ഇടിച്ച് ബസിന് കേടുപാട് വരെ ഉണ്ടായിട്ടുണ്ട്. ഒരു ബസിന് മാത്രം കടന്നു പോകുവാൻ വീതിയുള്ള ഭാഗത്തെ സ്ലാബുകളാണ് തകർന്നു കിടക്കുന്നത്. ബസുകൾ സ്റ്റാൻഡിലേക്ക് കയറി വരുന്ന കവാടത്തിൽ ഓടക്ക് മുകളിലുള്ള ഇരുമ്പ് ഗ്രില്ലുകളും ഇടിഞ്ഞു താഴ്ന്ന് കിടക്കുകയാണ്. തകർന്ന ഈ ഗ്രില്ലുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാണ്.
സ്ലാബുകൾ മാറ്റി പണി നടത്തുന്നതിൽ ദേശീയപാത അധികൃതരും പഞ്ചായത്തും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. തകർന്ന സ്ലാബുകൾക്കിടയിൽ കാൽനടക്കാരുടെ കാലുകൾ പെട്ട് അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്. മുൻപ് ബസ് സ്റ്റാൻഡ് അടച്ചിട്ട് നവീകരണ പ്രവർത്തനം നടത്തിയപ്പോൾ ബസുടമകൾ കൈയിൽ നിന്ന് പണം മുടക്കി സ്റ്റാൻഡ് കവാടത്തിൽ കോൺക്രീറ്റ് ചെയ്തിരുന്നു. വേണ്ടിവന്നാൽ ഇനിയും ഈ രീതിയിൽ സഹകരിക്കാൻ അവർ തയാറാണ്.
സ്റ്റാൻഡിൽ നിന്ന് ടി.ബി. റോഡിലേക്ക് കയറാൻ നിർമിച്ച നടകളും ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നിർമിച്ച നടകളും ടൈൽ ഇളകി പൊട്ടി പൊളിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞയിടെ രണ്ടുപേർ നടകളിൽ തട്ടി വീണിരുന്നു. നടകളിൽ മിനുസമുള്ള ടൈൽ പാകിയതു മൂലം കാൽനട ക്കാർ തെന്നി വീഴുന്നതും പതിവാണ്. നടകളിൽ പിടിപ്പിച്ച കമ്പികൾ ഇളകി വീഴുന്ന അവസ്ഥയിലാണ്. 90 ലക്ഷം രൂപ മുടക്കി നിർമിച്ച സ്റ്റാൻഡിൽ വീഴാതെ നടക്കാൻ പ്രയാസം. ഇളകിയതും പൊട്ടിപ്പൊളിഞ്ഞതുമായ ടൈൽ മാറ്റി പുതിയതിട്ടും ഒടിഞ്ഞ സ്ലാബുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ അപടകരഹിത യാത്ര ഉറപ്പാക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.