കാഞ്ഞിരപ്പള്ളി ഉപജില്ല രണ്ടാകണം
text_fieldsകാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലകളിൽ ഒന്നായ കാഞ്ഞിരപ്പള്ളി ഉപജില്ല വിഭജിച്ച് രണ്ടാക്കണമെന്ന ആവശ്യം ശക്തമായി. 104 എയ്ഡഡ് ഗവ. സ്കൂളുകളും 40 അൺ എയ്ഡഡ് സ്കൂളുകളുമാണ് കാഞ്ഞിരപ്പളളി ഉപജില്ലയിലുള്ളത്. ഉപജില്ല വിഭജിച്ച് നിലവിലെ പൊൻകുന്നം ഓഫിസിന് പുറമെ മുണ്ടക്കയം കേന്ദ്രീകരിച്ച് പുതിയൊരു ഓഫിസും കൂടി ആരംഭിച്ചാൽ ഭൂമിശാസ്ത്രപരമായും ഭരണനിർവഹണപരമായും ഗുണകരമാകും.
മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകളിലായി 20, പാറത്തോട് പഞ്ചായത്തിൽ എട്ട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 13, കോരുത്തോട് പഞ്ചായത്തിൽ എട്ട്, എരുമേലി പഞ്ചായത്തിൽ 25, ചിറക്കടവ് 19, എലിക്കുളം 11 എന്നിങ്ങനെയാണ് സർക്കാർ സ്കൂളുകളുടെ എണ്ണം. എലിക്കുളം, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പാറത്തോട് പഞ്ചായത്തുകളിലെ സ്കൂളുകൾ പൊൻകുന്നത്തുള്ള നിലവിലുള്ള ഓഫിസിന്റെ കീഴിലും മുണ്ടക്കയം, കോരുത്തോട്, എരുമേലി, കൂട്ടിക്കൽ പഞ്ചായത്തുകളിലെ സ്കൂളുകൾ മുണ്ടക്കയം കേന്ദ്രമാക്കി പുതിയ ഓഫിസിന് കീഴിലുമാക്കിയാൽ ഏറെ ഗുണകരമാകും.
നിലവിൽ മുണ്ടക്കയം, കൂട്ടിക്കൽ മേഖലയിലുള്ളവർ പൊൻകുന്നത്തുള്ള വിദ്യാഭ്യാസ ഉപജില്ല ഓഫിസിലെത്തി മടങ്ങി സ്കൂളിലെത്തുന്നതിന് ഏറെസമയം ചെലവാകും. മാത്രമല്ല നിലവിലുള്ള ഓഫിസ് പരിധി രണ്ടാക്കിയാൽ വിദ്യാഭ്യാസ ഉപജില്ല ഓഫിസിലെ തിരക്കൊഴിവാക്കാനും അതുവഴി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.