ഗ്രാമവീഥികളിൽ വീണ്ടും മണികിലുക്കം...
text_fieldsപരിഷ്കരിച്ച കാളവണ്ടി
കാഞ്ഞിരപ്പള്ളി: മൂന്നര പതിറ്റാണ്ടിന് ശേഷം ചേനപ്പാടി ഗ്രാമത്തിൽ ‘പഴമയുടെ പുതുമ’യുമായി കാളവണ്ടി ചക്രങ്ങളുരുളും. വർഷങ്ങൾക്ക് ശേഷം ഇനി ചേനപ്പാടി കുന്നപ്പള്ളി തറവാടിന്റെ മുറ്റത്തെ ആധുനിക കാളവണ്ടിയുടെ മണിക്കിലുക്കം കേട്ടാകും എല്ലാവരും ഉണരുക. പുതുതലമുറക്ക് അന്യമായ കാളവണ്ടിയും വണ്ടിക്കാളയും കാളവണ്ടി യാത്രയും ഇനിയുള്ള ദിനങ്ങളിൽ ഗ്രാമ വീഥികളിൽ കൗതുക കാഴ്ചയൊരുക്കും. എന്നാൽ ഒറ്റ വ്യത്യാസം മാത്രം, പണ്ട് കാലങ്ങളിൽ സാധനങ്ങൾ കയറ്റിയിറക്കിയിരുന്നത് പോലെയാകില്ല പുതുമയാർന്ന കാളവണ്ടി.
വിവാഹം, വ്യാപാര സ്ഥാപനങ്ങളുടെ അനൗൺസ്മെന്റ്, സാംസ്കാരിക ഘോഷയാത്ര എന്നിവക്ക് വേണ്ടിയാണ് കാളവണ്ടി ഒരുക്കിയിരിക്കുന്നത്. കുന്നപ്പള്ളി വീട്ടിൽ മത്തായിക്ക് 35 വർഷം മുമ്പ് കാളവണ്ടിയുണ്ടായിരുന്നു. കച്ചവട ആവശ്യങ്ങൾക്കായിട്ടായിരുന്നു അത് ഉപയോഗിച്ചിരുന്നത്. എന്നാൽ കാലചക്രമുരുണ്ട് നീങ്ങിയപ്പോൾ അദ്ദേഹത്തിന്റെ മക്കളായ തങ്കച്ചനും ബാബുവും ചേർന്ന് അപ്പന്റെ കാളവണ്ടി പുനരാവിഷ്ക്കരിക്കാൻ തീരുമാനിച്ചു. ആഘോഷവേളകളിൽ വൈവിധ്യം കൊണ്ടുവരികയെന്നതും അതിലൂടെ സാമ്പത്തിക നേട്ടവും കൂടി ഈ ലക്ഷ്യത്തിന് പിന്നിലുണ്ടായി.
അതിന്റെ ഭാഗമായി ഇടുക്കി ചേറ്റുകുഴിയിൽ നിന്ന് രണ്ടര ലക്ഷം രൂപ മുടക്കിയാണ് കാളവണ്ടി വാങ്ങിയത്. അതിന് പുറമെ വണ്ടി വലിക്കാനായി ഒന്നരലക്ഷം മുടക്കി കാളയെയും വാങ്ങി. ആധുനിക ലുക്കിൽ കാളവണ്ടിയും ഒരുക്കി. ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന തരത്തിലാണ് കാളവണ്ടിയുടെ രൂപകൽപന. 35 വർഷം മുമ്പ് മത്തായിക്കുണ്ടായിരുന്ന കാളവണ്ടി സാധനങ്ങൾ കയറ്റിയിറക്കാനാണ് ഉപയോഗിച്ചിരുന്നത്. ആഘോഷ പരിപാടികളിൽ ശ്രദ്ധയാകർഷിക്കാനായി പുതുമയാർന്ന ഈ കാളവണ്ടിയുടെ ബുക്കിങ്ങും ആരംഭിച്ചുകഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.