കോട്ടയത്തെ ആകാശപ്പാത; അപമാനഭാരം താങ്ങി ഇനി എത്രനാൾ?
text_fieldsകോട്ടയം നഗരത്തിൽ നോക്കുകുത്തിയായി മാറിയ ആകാശപ്പാത
കോട്ടയം: പദ്ധതിക്ക് തുടക്കമിട്ടപ്പോൾ അഭിമാനമായിരുന്നു, എന്നാൽ 10 വർഷം പിന്നിടുമ്പോൾ ആകാശപ്പാത കോട്ടയംകാർക്ക് പടവലം പന്തലായി. ജില്ലയുടെ വികസനത്തിന്റെ മുഖമുദ്രയാകേണ്ടിയിരുന്ന ആകാശപ്പാത ഇപ്പോൾ ഒരു നാടിന്റെ അപമാനമാകുകയാണ്. മഴയും വെയിലും കൊണ്ട് എട്ടുകൊല്ലമായി അസ്ഥിപഞ്ചരമായി നിൽക്കുന്ന ആകാശപാതയുടെ കമ്പിയും കൊളുത്തും കുഴലും തുരുമ്പെടുത്ത് നശിക്കുകയാണ്. ഇരുമ്പുകൂടാരം നിലംപൊത്തിയാൽ വൻ ദുരന്തത്തിന് വഴിയൊരുക്കും.
ആകാശപ്പാതയെന്ന് പേരിട്ട പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത് അഞ്ചുമാസം കൊണ്ട് ആകാശപാത പൂർത്തിയാക്കുമെന്നാണ്. എന്നാൽ സർക്കാറുകൾ മാറിവന്നതോടെ 10 വർഷം പിന്നിട്ടിട്ടും ആകാശപ്പാതയെന്ന സ്വപ്നം എന്ന് പൂവണിയുമെന്ന് ആർക്കും ഉത്തരമില്ല. നഗരമധ്യത്തിൽ അഞ്ച് പ്രധാനപാതകളുടെ സംഗമസ്ഥലത്താണ് ആകാശപ്പാത അപമാനഭാരം താങ്ങി നിൽക്കുന്നത്. കവലയിലെ തിരക്ക് കുറയ്ക്കാനും റോഡ് ഒഴിവാക്കി യാത്രക്കാർക്ക് അപ്പുറം കടക്കാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. നിർമാണത്തുക, ആവശ്യകത, ബലം എന്നിവയെ ചൊല്ലി ഏറെക്കാലമായി രാഷ്ട്രീയ ബലപരീക്ഷണം നടക്കുന്നുണ്ട്. മനുഷ്യർക്ക് ഗുണമില്ലെങ്കിലും പക്ഷികൾക്ക് കൂട് വെക്കാനിടം നൽകുന്നുണ്ട് ഇത്.
ഇടവേളയില്ലാതെ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പാതക്ക് മുകളിൽ വട്ടത്തിൽനിൽക്കുന്ന വൻകുഴലുകളുടെ ഏതുഭാഗവും എപ്പോൾ വേണമെങ്കിലും നിലംപൊത്താം. ജനങ്ങളുടെ സുരക്ഷയാണ് സർക്കാറിനും പ്രതിപക്ഷത്തിനും പ്രധാനപ്പെട്ടതെങ്കിൽ നിലവിൽ സ്ഥിതിചെയ്യുന്ന ഇരുമ്പുകൂടിന്റെ കാര്യത്തിൽ അടിയന്തര തീരുമാനമെടുക്കണം. കോട്ടയത്തെ പട്ടണവാസികള്‍ക്ക് ആകാശപ്പാതയെ കുറിച്ച് പറയുമ്പോള്‍ അമർഷമാണ്. ആകാശപ്പാത തന്നെ പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.