കുരിശുങ്കൽ പാലം പുനർനിർമാണ പ്രവൃത്തി ആരംഭിച്ചു
text_fieldsമേലുകാവ്: പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ കുരിശുങ്കൽ പാലത്തിന്റെ പുനർ നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനം മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. പാലം അപകടാവസ്ഥയിലായ വിവരം മനസ്സിലാക്കിയ മാണി സി. കാപ്പൻ ബജറ്റിൽ പണം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കുകയും അഞ്ച് കോടി 2022-23 വർഷം അനുവദിക്കുകയും ചെയ്തു. എന്നാൽ, വീതി കുറഞ്ഞ പാലം പുതുക്കിപ്പണിയുവാൻ സമീപവാസികളായ മൂന്നു പേരുടെ സ്ഥലം ആവശ്യമായി വന്നു. സ്ഥലം നൽകിയ എബ്രാഹം മാരിപ്പുറത്ത്, ടോമി ഫ്രാൻസിസ് പുളിക്കൽ, രാജമ്മ തമ്പി കുമ്മട്ടിയിൽ എന്നിവരുടെ സന്മനസ്സിന് എം.എൽ.എ നന്ദി പറഞ്ഞു.
അന്തീനാട് മേലുകാവ് മേജർ ഡിസ്ട്രിക്റ്റ് റോഡിൽ 18 മീറ്റർ നീളവും ഒമ്പതേമുക്കാൽ മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കുന്നത്. പാലം ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള ആയിരക്കണക്കിന് ആളുകൾക്ക് ഏറെ പ്രയോജനപ്പെടും. കുരിശുങ്കൽ പാലം പണി പൂർത്തീകരിക്കുന്നതിന് താൽക്കാലിക പാലം നിർമിക്കുന്നതിന് ബന്ധപ്പെട്ടവരുടെ സഹായം എം.എൽ.എ അഭ്യർഥിച്ചു. പാലം പണി പൂർത്തീകരിക്കുന്നതുവരെ വാഹന ഗതാഗതത്തിന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും മാണി സി. കാപ്പൻ ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി, പഞ്ചായത്ത് മെംബർമാരായ മറിയാമ ഫെർണാണ്ടസ്, എം.എസ് സുനിൽ, പ്രസന്ന സോമൻ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ റാണി വിജയലക്ഷ്മി, ഉദ്യോഗസ്ഥരായ സന്തോഷ് കുമാർ, കിരൺ ലാൽ, നീനു ലിജോ, രമ്യ, കോൺട്രാക്റ്റർമാരായ ആന്റണി, ബിനോയി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

