മണര്‍കാട് കോഴി വളര്‍ത്തല്‍ കേന്ദ്രം നാളെ തുറക്കും
text_fieldsമണര്‍കാട് കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ കൂടുകൾക്ക്
ചുറ്റും വലയിട്ടപ്പോൾ
കോട്ടയം: ഒരു വർഷമായി അടച്ചിട്ടിരുന്ന മണര്‍കാട് കോഴി വളര്‍ത്തല്‍ കേന്ദ്രം ചൊവ്വാഴ്ച തുറക്കും. കഴിഞ്ഞ വർഷം മേയിൽ പക്ഷിപ്പനി ബാധയെതുടർന്ന് നിയന്ത്രണങ്ങളുടെ ഭാഗമായാണ് കേന്ദ്രം അടച്ചിട്ടത്. നിയന്ത്രണങ്ങൾ ഡിസംബറോടെ നീങ്ങിയെങ്കിലും കേന്ദ്ര അനുമതി കിട്ടാൻ വൈകി. കൂടുതൽ സുരക്ഷയൊരുക്കിയാണ് ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രം തുറക്കുന്നത്. കൂടുകളും പരിസരവും അണുവിമുക്തമാക്കി.
പക്ഷികള്‍ കടക്കാതിരിക്കാൻ കൂടുകള്‍ക്ക് ചുറ്റും വലയിട്ട് സംരക്ഷണം ഏർപ്പെടുത്തി. ജീവനക്കാര്‍ക്ക് കടന്നുവരാന്‍ മറ്റൊരു ചെറിയ ഗേറ്റ് നിര്‍മിക്കും. കൂടുകളിലേക്ക് കടക്കുന്ന ജീവനക്കാരുടെ കാലുകള്‍ അണുവിമുക്തമാക്കാന്‍ എല്ലാ കൂടിന്റെയും പ്രവേശനഭാഗത്ത് സംവിധാനമൊരുക്കി. ഫാമിലേക്ക് വരുന്ന വാഹനങ്ങളുടെ ടയറുകള്‍ അണുവിമുക്തമാക്കാന്‍ പ്രധാന ഗേറ്റില്‍ 12 അടി നീളത്തിലും 12 അടി വീതിയിലും കോണ്‍ക്രീറ്റിട്ട് വീല്ഡിപ്പ് നിര്‍മിച്ചിട്ടുണ്ട്. ടയറുകള്‍ അണുവിമുക്തമാക്കാന്‍ ഹൈപ്പോക്ലോറേറ്റ് ലായനി ഇവിടെ നിറക്കും.
സെയില്‍സ് കൗണ്ടര്‍ ഫാമിനടുത്തുനിന്ന് മാറ്റി പ്രവേശന കവാടത്തിനടുത്ത് സ്ഥാപിക്കും. തൊടുപുഴ കോലാനി ഫാമില്‍ നിന്ന് ഒരുദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പെട്ട 1,372 കോഴിക്കുഞ്ഞുങ്ങളെയും മണ്ണുത്തിയിലെ പൗള്‍ട്രിഫാമില്‍നിന്ന് ഒരു ദിവസം പ്രായമായ 1,800 കോഴിക്കുഞ്ഞുങ്ങളെയും കൊണ്ടുവരും. 10 കൂടുകളാണ് ഇവിടെയുള്ളത്.
പ്രതിവര്‍ഷം ആറുലക്ഷം മുട്ടയും നാലുലക്ഷം കോഴിക്കുഞ്ഞുങ്ങളെയും ഉല്പാദിപ്പിക്കുന്നതിലൂടെ 80 ലക്ഷം രൂപയുടെ പ്രത്യക്ഷ വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ട്. . 2024 മേയിലാണ് ഫാമില്‍ എച്ച്5 എന്‍1 പിടിപെട്ട് കോഴികള്‍ കൂട്ടത്തോടെ ചത്തത്. ആകെ 9,175 കോഴികളെ ദയാവധത്തിന് വിധേയമാക്കി. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.