ലഹരി മാഫിയക്ക് താവളമായി പഴയ ദൂരദർശൻ കേന്ദ്രം; നടപടി എടുക്കാതെ അധികൃതർ
text_fieldsഉപയോഗ ശൂന്യമായ ദൂരദർശൻ കേന്ദ്രം
മുണ്ടക്കയം: മുണ്ടക്കയം ബസ്റ്റാന്റിനോട് ചേർന്നുള്ള പ്രവർത്തനം നിലച്ച പഴയ ദൂരദർശൻ കേന്ദ്രവും സമീപ പ്രദേശങ്ങളും ലഹരി മാഫിയയുടെ താവളമായി മാറി. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹികവിരുദ്ധ ശല്യം അതിരൂക്ഷമാണ്. മുണ്ടക്കയം പഞ്ചായത്തിന്റെ കീഴിലുള്ള കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി എന്നിവയെല്ലാം സമീപത്ത് പ്രവർത്തിക്കുന്നുണ്ട്.
ഏതാനും മാസങ്ങൾക്ക് മുൻപ് ഇതിനോട് ചേർന്നുള്ള കുടുംബശ്രീയുടെ ഫാർമേഴ്സ് ഫെസിലിറ്റി സെന്ററിലെ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം നടന്നിരുന്നു. ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷണം പോയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. വർഷങ്ങൾക്ക് മുമ്പ് കർഷക ഓപ്പൺ മാർക്കറ്റ് പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്. രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധർ തമ്പടിക്കുന്നത് പതിവായ ഇവിടെ രാത്രിയുണ്ടായ തീപിടുത്തത്തിൽ കെട്ടിടം പൂർണമായും കത്തി നശിച്ചിരുന്നു.
ഏതാനും മാസങ്ങൾക്കു മുമ്പ് കലാദേവി ഭാഗത്ത് ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് ലഹരി മാഫിയ തമ്പടിച്ചിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ലഹരി സംഘങ്ങൾ ഇവിടെനിന്ന് മാറി. ഇപ്പോൾ ബസ്സ്റ്റാന്റിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്പനയും നടക്കുന്നതായി നാട്ടുകാർ പറയുന്നു. സാമൂഹികവിരുദ്ധ ശല്യം മൂലം പ്രദേശത്തെ കുടുംബങ്ങൾ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധി തവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
ഇതിന് സമീപത്തുള്ള ആളൊഴിഞ്ഞ പഴയ പൊലീസ് ക്വാർട്ടേഴ്സും ഇതിനോട് ചേർന്ന് കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും സാമൂഹികവിരുദ്ധർ തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾ അടക്കമുള്ളവരും ലഹരി ഉപയോഗത്തിനായി ഈ മേഖല തെരഞ്ഞെടുക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

