വ്യാപാരസ്ഥാപനത്തിൽ തീപിടിത്തം: കൂവപ്പള്ളി സ്വദേശി അറസ്റ്റിൽ
text_fieldsസജു
മുണ്ടക്കയം: വ്യാപാര സ്ഥാപനത്തിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കൂവപ്പള്ളി സ്വദേശിയെ അറസ്റ്റ് ചെയ്തു. ടൗണിൽ പഞ്ചായത്തുവക വ്യാപാര സ്ഥാപനത്തിൽ ഹരിതകർമ സേനയുടെ പ്ലാസ്റ്റിക് ശേഖരിച്ചിരുന്ന കെട്ടിടത്തിൽ തീകൊളുത്തിയ കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി തട്ടാർക്കുന്നേൽ സജു ജോസഫിനെയാണ് (45) മുണ്ടക്കയം സി.ഐ എം.ആർ. രാകേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഒരാഴ്ചയായി ടൗണിലും പരിസരത്തും അലഞ്ഞുതിരിയുന്ന ഇയാൾ പ്ലാസ്റ്റിക് മാലിന്യത്തിന് തീകൊളുത്തുകയായിരുന്നു. സമീപത്തെ സി.സി ടി.വി ദൃശ്യത്തിൽനിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്നു നടത്തിയ തിരച്ചിലിൽ പ്രതിയെ കണ്ടെത്തുകയും ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി, പെരുവന്താനം പൊലീസ് സ്റ്റേഷനുകളിൽ മോഷണം, അടിപിടിക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
മുണ്ടക്കയം-എരുമേലി റോഡിൽ കോസ്വേ ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് തീപിടിത്തമുണ്ടായത്. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ ഹരിതകർമ സേന സൂക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിത്തം ഉണ്ടായത്. പൊട്ടിത്തെറിക്കുന്ന ശബ്ദത്തോടെയായിരുന്നു തീപിടിത്തം.
നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വ്യാപാര സമുച്ചയത്തിലായിരുന്നു തീപിടിത്തം. നാട്ടുകാർ തീകെടുത്താൻ ശ്രമിച്ചെങ്കിലും തീയാളിപ്പടരുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.