മുട്ടം മലങ്കര ടൂറിസം ഹബ് തുറക്കണം; അടിയന്തര യോഗം വിളിക്കാൻ എം.എൽ.എയുടെ ഇടപെടൽ
text_fieldsമുട്ടം: മുട്ടം മലങ്കര ടൂറിസം ഹബ് സഞ്ചാരികൾക്കായി തുറന്നു നൽകുന്നതിനും ടൂറിസം പദ്ധതിയുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനുമായി അടിയന്തര ജനറൽ കൗൺസിൽ യോഗം വിളിക്കാൻ എം.എൽ.എ അപു ജോൺ ജോസഫിന്റെ ഇടപെടൽ.
ഇതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ട് (എം.വി.പി) അധികൃതർക്ക് ജനറൽ കൗൺസിൽ ഉടൻ വിളിച്ചുചേർക്കാൻ നിർദ്ദേശം നൽകി. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ടൂറിസം ഹബ് തുറക്കുന്നതിന് നിലനിൽക്കുന്ന തടസ്സങ്ങളും പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. പ്രധാനമായും ഏഴോളം അപാകതകൾ പരിഹരിച്ചാൽ മാത്രമേ ഹബ്ബിന് പ്രവർത്തനാനുമതി നൽകാൻ സാധിക്കൂ എന്ന് മുട്ടം ഗ്രാമപഞ്ചായത്ത് വ്യക്തമാക്കിയിട്ടുണ്ട്. 659.77 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടം ഗ്രൂപ്പ് ബി വിഭാഗത്തിൽപ്പെടുന്നതിനാൽ അഗ്നിശമന സേനയുടെ എൻ.ഒ.സി ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ ഇത് ഇതുവരെ ഹാജരാക്കിയിട്ടില്ല.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള കൃത്യമായ പാർക്കിംഗ് പ്ലാൻ രേഖപ്പെടുത്തിയിട്ടില്ല. സെപ്റ്റിക് ടാങ്കിൽ നിന്നും 7.5 മീറ്റർ ചുറ്റളവിൽ കുടിവെള്ള സ്രോതസ്സുകൾ ഇല്ലെന്ന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ല. കെട്ടിട മുറികളുടെ വിസ്തീർണം (ഏരിയ) തരംതിരിച്ചു രേഖപ്പെടുത്തിയിട്ടില്ല. പരിസ്ഥിതി സൗഹൃദ ഊർജ സംവിധാനങ്ങളായ സൗരോർജ സംവിധാനം, വാട്ടർ ഹീറ്റർ സംവിധാനങ്ങൾ എന്നിവ ഇൻസ്റ്റാൾ ചെയ്തിട്ടില്ല തുടങ്ങിയവയാണ് പഞ്ചായത്ത് ചൂണ്ടിക്കാട്ടിയ പ്രധാന അപാകതകൾ. ഈ സാങ്കേതിക അപാകതകൾ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ രൂപീകരിക്കുകയാണ് യോഗത്തിന്റെ മുഖ്യ ലക്ഷ്യം. മലങ്കര ടൂറിസം പദ്ധതിയുടെ സമഗ്ര വികസനത്തിനാവശ്യമായ തുടർനടപടികൾ കൗൺസിൽ യോഗത്തിൽ തീരുമാനിക്കുമെന്നും എം.എൽ.എ അപു ജോൺ ജോസഫ് അറിയിച്ചു.

