ഓടയിലെ ഒഴുക്ക് നിലച്ച് മലിനജലം ജനവാസ കേന്ദ്രങ്ങളിലേക്ക്; ഒഴുകുന്നത് വാട്ടർ അതോറിറ്റിയുടെ ടാങ്ക് കഴുകിയ വെള്ളം
text_fieldsഓടയിലെ ഒഴുക്ക് നിലച്ചതിനെത്തുടർന്ന് മലിനജലം കെട്ടിക്കിടക്കുന്നു
പാലാ: നഗരത്തില്‍ ജനറൽ ആശുപത്രിക്ക് സമീപത്തെ ഓടയിലെ ഒഴുക്ക് നിലച്ചതുമൂലം മലിനജലം ജനവാസ കേന്ദ്രങ്ങളിലേക്ക്. കിഴതടിയൂര്‍ സഹകരണ ബാങ്കിന്റെ മുന്‍ഭാഗത്ത് ഓടയുടെ പ്രവര്‍ത്തനം മുടങ്ങിയതുമൂലം സമീപത്തെ കെട്ടിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലുള്ളവര്‍ ദുരിതത്തിലായത്. വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് കഴുകിയ ശേഷം ഒഴുക്കിക്കളയുന്ന മലിനജലമാണ് പുത്തന്‍പള്ളിക്കുന്ന് ഭാഗത്തുനിന്ന് ഓടയിലൂടെ ഒഴുകിയെത്തി നഗരത്തിലെ ഓടയിലേക്ക് ചേരുന്ന ഭാഗത്താണ് ഒഴുക്ക് നിലച്ചത്. ഇതുമൂലം മലിനജലം സമീപത്തുള്ള കെട്ടിടങ്ങളുടെ പരിസരത്തേക്ക് ഒഴുകിയെത്തുകയാണ്.
നഗരത്തിലെ മാലിന്യങ്ങളടക്കം കെട്ടിടങ്ങളുടെ സമീപത്തേക്ക് എത്തുന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് അകത്തേക്ക് കയറാനും പുറത്തിറങ്ങാനും സാധിക്കാത്ത സാഹചര്യമാണുള്ളത്. വാട്ടര്‍ അതോറിറ്റി വെള്ളം ഒഴുക്കിവിടുമ്പോഴൊക്കെ ഓടയില്‍നിന്ന് വെള്ളം തിരിച്ചൊഴുകി കെട്ടിടങ്ങളുടെ മുറ്റത്തേക്ക് എത്തും. ചില ദിവസങ്ങളില്‍ മണിക്കൂറുകളുടെ ഇടവേളകളില്‍ മലിനജലം വേലിയേറ്റമെന്നതുപോലെ തള്ളിക്കയറും. മുട്ടോളം വെള്ളം പൊങ്ങും. സ്ഥാപനങ്ങളിലെത്തുന്ന ഇടപാടുകാര്‍ അകത്തേക്ക് പ്രവേശിച്ചശേഷം തിരിച്ചുപോകുമ്പോള്‍ മുട്ടോളം മലിനജലം ഉയര്‍ന്നിരിക്കും.
വെള്ളം ഒഴുകിപ്പോയ ശേഷം മാലിന്യം കെട്ടിനില്‍ക്കുന്ന സാഹചര്യമുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ സമീപകാലത്ത് ഓടയുടെ മൂടി തുറന്ന് കുറച്ചുഭാഗത്ത് വൃത്തിയാക്കിയിരുന്നങ്കിലും മലിന ജലം തിരിച്ചൊഴുകയാണ്. വാട്ടര്‍ അതോറിറ്റി മലിനജലം ഒഴുക്കിക്കളയുന്നതിലും അപാകതയുണ്ട്. ചിലപ്പോള്‍ ഓടയിലൂടെ ഒഴുകിപ്പോകും. ചില സമയങ്ങളില്‍ ജനറൽ ആശുപത്രി ജങ്ഷനിലൂടെ നഗരത്തിലേക്ക് നിരന്നൊഴുകാറുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.