പരാധീനതകൾ ഒഴിയുന്നില്ല; സ്മാർട്ടാകാനുള്ള പാമ്പാടി വില്ലേജ് ഓഫിസിന്റെ സ്വപ്നം ബാക്കി...
text_fieldsപാമ്പാടി വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്ന റെഡ്ക്രോസ്
സൊസൈറ്റി കെട്ടിടം
പാമ്പാടി: അയൽപക്കത്തുള്ള ഓഫിസുകളൊക്കെ സ്മാർട്ടായിട്ടും പാമ്പാടി വില്ലേജ് ഓഫിസിന് സ്മാർട്ടാകാൻ ഇനിയും കാത്തിരിക്കണം. സംസ്ഥാനത്തെ വില്ലേജ് ഓഫിസുകൾ പൂർണമായും സ്മാർട്ടാക്കാനുള്ള പദ്ധതികളുമായി റവന്യുവകുപ്പ് നീങ്ങുമ്പോൾ പരാധീനതകൾക്കിടയിലാണ് ജില്ലയിൽ ഏറ്റവുമധികം ആളുകൾ വന്നുപോകുന്ന വില്ലേജ് ഓഫിസുകളിലൊന്നായ പാമ്പാടിയിലേത്. സ്ഥലപരിമതി മൂലം വീർപ്പുമുട്ടുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
റെഡ്ക്രോസ് സൊസൈറ്റിയുടെ ഇടുങ്ങിയ മുറിക്കുള്ളിലാണ് ഈ ഓഫിസിന്റെ പ്രവർത്തനം. സ്മാർട് വില്ലേജ് ഓഫിസ് പണിയുന്നതിനായി പഴയ കെട്ടിടം പൊളിച്ചുനീക്കിയതോടെയാണ് ഈ ചെറിയ മുറിയിലേക്ക് വില്ലേജ് ഓഫിസിന്റെ പ്രവർത്തനം മാറ്റിയത്. പുതിയ സ്മാർട്ട് കെട്ടിടത്തിന്റെ നിർമാണമാകട്ടെ എങ്ങുമെത്തിയിട്ടുമില്ല. ഇതോടൊപ്പം ശിലാസ്ഥാപനം നടത്തിയ കൂരോപ്പട സ്മാർട്ട് വില്ലേജ് ഓഫിസ് പ്രവർത്തനം ആരംഭിച്ചിട്ട് ദിവസങ്ങളുമായി.
ദിവസവും നൂറുകണക്കിന് ആളുകൾ നിത്യേന എത്തുന്ന പാമ്പാടി വില്ലേജിൽ ഓഫിസറില്ലെന്ന പരാതിയായിരുന്നു കുറേനാളായുണ്ടായിരുന്നത്. ഓഫിസറും അത്യാവശ്യം ജീവനക്കാരും എത്തിയപ്പോഴാകട്ടെ മതിയായ സൗകര്യങ്ങളില്ലായ്മയും. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫിസർ സ്ഥാനക്കയറ്റത്തെത്തുടർന്ന് സ്ഥലംമാറിയതോടെ മാസങ്ങളായി മീനടം, കൂരോപ്പട വില്ലേജ് ഓഫിസർമാർക്കായിരുന്നു ഈ ഓഫിസിന്റെയും ചുമതല. ഇത് ആളുകൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
നിരന്തരശ്രമത്തിന്റെയും മുറവിളിയേയും തുടർന്ന് ആഗസ്റ്റ് ഒന്നിന് പുതിയ ഓഫിസറും അവശ്യം വേണ്ട ജീവനക്കാരും ചുമതലയേറ്റു. എന്നാൽ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ച് വില്ലനായത് ഓഫിസിലെ തകരാറിലായ പ്രിന്ററാണ്. നേരത്തെ കമ്പ്യൂട്ടറുകൾ ഇല്ലാത്തതായിരുന്നു ഇവിടത്തെ പ്രശ്നം.
കമ്പ്യൂട്ടറുകൾ തകരാറായതിനെത്തുടർന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ ഇടപെട്ട് ആഴ്ചകൾക്ക് മുമ്പ് രണ്ടുലാപ്ടോപുകൾ ലഭ്യമാക്കിയാണ് ആ പ്രശ്നം പരിഹരിച്ചത്. എന്നാൽ ഇപ്പോൾ പ്രിന്ററിന്റെ പേരിലാണ് പ്രവർത്തനങ്ങൾ മുടങ്ങുന്നത്.
പാമ്പാടി, സൗത്ത് പാമ്പാടി, വെള്ളൂർ മേഖലകൾ ഉൾപ്പെടുന്ന വലിയ ഭൂപ്രദേശമാണ് പാമ്പാടി വില്ലേജ് ഓഫിസിന് കീഴിലുള്ളത്. വൈദ്യുതി മുടങ്ങിയാൽ യു.പി.എസിന്റെ കാലപ്പഴക്കം മൂലം നിമിഷങ്ങൾക്കകം കമ്പ്യൂട്ടറും ലൈറ്റുകളുമുൾപ്പെടെ എല്ലാം നിശ്ചലമാകുന്ന അവസ്ഥയാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.