പെട്ടിക്കടയുടമ ജീവനൊടുക്കിയ സംഭവം: മൃതദേഹവുമായി വൈക്കം നഗരസഭക്ക് മുന്നിൽ പ്രതിഷേധം
text_fieldsപെട്ടിക്കട ഉടമയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ധീവരസഭയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
വൈക്കം: കട പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വൈക്കം നഗരസഭ സെക്രട്ടറി നോട്ടീസ് നൽകിയതിന് പിന്നാലെ ജീവനൊടുക്കിയ പെട്ടിക്കട ഉടമയുടെ മൃതദേഹവുമായി നഗരസഭക്ക് മുന്നിൽ പ്രതിഷേധം.
ധീവരസഭയുടെ നേതൃത്വത്തിലാണ് സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മൃതദേഹം നഗരസഭക്ക് മുന്നിലെത്തിച്ച് പ്രതിഷേധിച്ചത്.
ബോട്ട് ജെട്ടിക്ക് സമീപം പെട്ടിക്കട നടത്തുന്ന തത്തിങ്കൽ ഭാഗത്ത് പുത്തൻതറയിൽ പി.പി അശോകൻ (62) ഞായറാഴ്ച രാവിലെയാണ് ജീവനൊടുക്കിയത്. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നഗരസഭയുടെ താൽക്കാലിക ലൈസൻസിൽ പ്രവർത്തിച്ചിരുന്ന പെട്ടിക്കട കഴിഞ്ഞ ദിവസം പൊളിച്ചുനീക്കണമെന്ന് കാണിച്ച് നഗരസഭ സെക്രട്ടറി നോട്ടീസ് നൽകുകയും കടയിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തതിരുന്നു. തുടർന്ന് അശോകൻ കട തുറക്കാതെ മനോവിഷത്തിലായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നും ആരോപണം ഉയർന്നിരുന്നു. ചൊവാഴ്ച രാവിലെ വൈക്കം താലൂക്ക് ആശുപത്രിയിൽ നിന്ന് മൃതദേഹം നഗരസഭക്ക് മുന്നിലേക്ക് കൊണ്ടുവരികയായിരുന്നു.
പ്രതിഷേധത്തിൽ സ്ത്രീകൾ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. വൈക്കം ഡി.വൈ.എസ്.പി സിബിച്ചൻ ജോസഫിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം നഗരസഭക്ക് മുന്നിൽ നിലയുറപ്പിച്ചിരുന്നു.
തുടർന്ന് പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകി. ഇതോടെ പ്രതിഷേധക്കാർ മൃതദേഹവുമായി മടങ്ങി. അശോകന്റെ സംസ്കാരം ചൊവാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.
ധീവരസഭ ജില്ല പ്രസിഡന്റ് ശിവദാസ് നാരായണൻ, ശാഖാ സെക്രട്ടറി എം.കെ മോഹനൻ, പ്രസിഡന്റ് ബാഹുലേയൻ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.