അരുംകൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം, ഭാര്യ ഉപേക്ഷിച്ചതിലെ പക
text_fieldsഅമിത് ഉറാങ്ങുമായി കൊലപാതകം നടന്ന വീടിന് സമീപം നടത്തിയ തെളിവെടുപ്പ്
കോട്ടയം: മോഷണക്കേസിൽ ജയിലിലായതിനെ തുടർന്ന് ഭാര്യ ഉപേക്ഷിച്ചതിലെ കടുത്ത പക തീർക്കാനാണ് വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയേയും അതിക്രൂരമായി പ്രതി അമിത് കൊലപ്പെടുത്തിയതെന്ന് മൊഴി. മൂന്ന് വർഷത്തോളം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും വിശ്വസ്തനായി ജോലി ചെയ്തിരുന്ന പ്രതി ഇവരുടെ മൊബൈൽഫോണുകൾ മോഷ്ടിച്ച് പണം തട്ടിയെടുത്തതിനാണ് ജയിലിലായത്. അതിനെ തുടർന്ന് ഭാര്യ ഉപേക്ഷിച്ച് പോയി.
ഇതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിശദീകരണം. എന്നാൽ ഇത്രയും ക്രൂരമായ കൊലപാതകങ്ങൾ നടത്താൻ ഇത് മതിയായ കാരണമാണോയെന്ന സംശയം ബാക്കിയാണ്. ദിവസങ്ങൾ ആസൂത്രണം നടത്തിയാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വിജയകുമാർ നാട്ടിലെത്തുന്നതുൾപ്പെടെ കാര്യങ്ങൾ കൃത്യമായി പ്രതി നിരീക്ഷിച്ചെന്നാണ് അനുമാനം. ശനിയാഴ്ച അമിത് കോട്ടയത്തെത്തി റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട് പലകുറി നിരീക്ഷിച്ചു. തിങ്കളാഴ്ച ലോഡ്ജ് ഒഴിഞ്ഞു. വൈകുന്നേരം ഇയാൾ റെയിൽവേ സ്റ്റേഷനിലും എത്തി. പിന്നീട് അവിടെ നിന്നും രാത്രിയോടെ പുറത്തിറങ്ങി തിരുവാതുക്കലിലെ വീട്ടിലെത്തി കൊല നടത്തുകയായിരുന്നു.
അഞ്ചരമാസം ജയിലിൽ കഴിഞ്ഞശേഷം ഈ മാസമാണ് അമിത് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. ജയിലിൽ കഴിയുന്ന സമയത്താണ് അമിതിനെ ഭാര്യ ഉപേക്ഷിച്ചു പോയത്. ജയിൽ മോചിതനായ അമിത് തിരുവാതുക്കലിലെ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും ഭീഷണിപ്പെടുത്തിയതായും പറയുന്നു. ദമ്പതികൾക്കു നേരെ അമിത് വധഭീഷണി മുഴക്കിയതിന് സമീപവാസികൾ ദൃക്സാക്ഷികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.