സ്ത്രീകളുടെ തിരോധാനം; സെബാസ്റ്റ്യൻ 1.65 കോടി രൂപ പിൻവലിച്ചു
text_fieldsക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്തുന്നു
കോട്ടയം: സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ചേർത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യനെ (65) ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരം കിട്ടാതെ അന്വേഷണസംഘം. സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
രണ്ടു വർഷത്തിനിടെ ആലപ്പുഴയിലെ വടക്കൻ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യൻ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടം, പിൻവലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57), ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജൈനമ്മ (ജെയ്ൻ മാത്യു 54), സിന്ധു എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ ചോദ്യം ചെയ്തുവരുന്നത്.
സ്ത്രീകളെ വശീകരിച്ച് സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്തിയാണ് സെബാസ്റ്റ്യൻ എന്നാണ് സംശയം. ബിന്ദു പത്മനാഭനെയും ഐഷയേയും വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യൻ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരിൽ വ്യാജ മുക്ത്യാർ തയാറാക്കി 1.3 കോടി രൂപക്ക് സെബാസ്റ്റ്യൻ വിൽപന നടത്തിയതായി നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കൾ വിറ്റ വകയിലും സെബാസ്റ്റ്യന് പണം ലഭിച്ചിട്ടുണ്ട്. ഐഷയെ കാണാതാകുമ്പോൾ ഭൂമി വാങ്ങാനുള്ള പണവും സ്വർണാഭരണങ്ങളും കൈവശമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഏറ്റവും ഒടുവിൽ കാണാതായ ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മയുടെ സ്വർണാഭരണങ്ങൾ സെബാസ്റ്റ്യൻ വിൽപന നടത്തിയെന്നും മൊബൈൽഫോൺ സൂക്ഷിച്ചിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. സെബാസ്റ്റ്യന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. വീണ്ടും ഇയാളെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.
സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. ഇവരുടെ കോഴിഫാമും പരിശോധിച്ചു. ജി.പി.ആർ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ല. കാണാതായ ഐഷയെ പരിചയമില്ലെന്നും വഴിയിൽ കൂടി പോകുമ്പോൾ കണ്ടിട്ടുണ്ടെന്നുമാണത്രേ റോസമ്മ മൊഴി നൽകിയത്. അവരെ സെബാസ്റ്റ്യനെ പരിചയപ്പെടുത്തിയിട്ടില്ലെന്നും ഐഷയും സെബാസ്റ്റ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും അവർ മൊഴി നൽകിയെന്നറിയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.