തെരുവുനായ്ക്കളുടെ വന്ധ്യംകരണം; ജില്ലയിൽ അഞ്ച് എ.ബി.സി സെന്റർകൂടി
text_fieldsകോടിമതയിലെ എ.ബി.സി സെന്റർ
കോട്ടയം: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് ജില്ലയിൽ അഞ്ച് എ.ബി.സി സെന്റർകൂടി ഈ സാമ്പത്തിക വർഷം ആരംഭിക്കും. ഇത് സംബന്ധിച്ച നടപടി ജില്ല ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ആരംഭിച്ചു. വാഴൂർ, തലയോലപ്പറമ്പ്, ഉദയനാപുരം, പാലാ, വാകത്താനം എന്നിവിടങ്ങളിലാണ് എ.ബി.സി സെന്ററുകൾ തുടങ്ങുന്നത്. കോടിമതയിലെ കേന്ദ്രം മാത്രമാണ് നിലവിൽ ജില്ലയിൽ ആകെയുള്ളത്.
എ.ബി.സി സെന്ററുകൾക്കായുള്ള സൗകര്യം ഒരുക്കുന്നതിന് ഫണ്ട് വകയിരുത്താൻ എല്ലാ പഞ്ചായത്തുകൾക്കും ജില്ല ആസൂത്രണ സമിതി നിർദേശം നൽകിയിരുന്നു. ഒമ്പതു മുതൽ 13 ലക്ഷം രൂപ വരെയാണ് ഈ സാമ്പത്തിക വർഷം വകയിരുത്തേണ്ടത്. വാഴൂരിലും തലയോലപ്പറമ്പിലും വെറ്ററിനറി ആശുപത്രിയോട് ചേർന്ന് 25 സെന്റ് വീതം സ്ഥലം മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മറ്റിടങ്ങളിൽ സ്ഥലം കണ്ടെത്താനുള്ള നടപടിയിലാണ്.
ഈ അഞ്ച് സെന്റർകൂടി തുടങ്ങിയാൽ ഒരു വർഷത്തിനകം ജില്ലയിലെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം പൂർത്തിയാക്കാനാകുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൂട്ടൽ.
2023 ജനുവരി 30നാണ് ജില്ല പഞ്ചായത്ത് കോടിമതയിലെ സെന്റർ ആരംഭിച്ചത്. പള്ളം ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ അഞ്ചു പഞ്ചായത്തിലെയും കോട്ടയം മുനിസിപ്പാലിറ്റിയിലെയും തെരുവുനായ്ക്കളെയാണ് ഇവിടെ എത്തിച്ച് വന്ധ്യംകരിക്കുന്നത്. വന്ധ്യംകരിച്ച് ഇവിടെ കൂടുകളിൽ പാർപ്പിച്ച ശേഷം അഞ്ചാംദിവസം ഇവയെ പിടിച്ച സ്ഥലങ്ങളിൽ തന്നെ തിരിച്ചെത്തിക്കുകയാണ് ചെയ്യുന്നത്.
48 കൂടുകളാണ് ഇവിടെയുള്ളത്. കൂടിനു പുറത്തെ സ്ലേറ്റിൽ നായ്ക്കളെ പിടിച്ച തീയതി, സ്ഥലം, ശസ്ത്രക്രിയ നടത്തിയ തീയതി എന്നിവ രേഖപ്പെടുത്തും. ഇതു നോക്കിയാണ് തിരിച്ചുകൊണ്ടുവിടുക. ദിവസം 10 നായ്ക്കൾക്ക് ശസ്ത്രക്രിയ നടത്താനാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.