വൈക്കത്ത് തെരുവ് നായ് ആക്രമണം: നാലുപേർക്ക് പരിക്ക്
text_fieldsവൈക്കം: വൈക്കം തോട്ടുവക്കത്ത് തെരുവുനായ് ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. പ്രദേശവാസികളായ പറൂപ്പറമ്പ് ഹരിക്കുട്ടൻ, പെരുമ്പള്ളിയിൽ ചന്ദ്രശേഖരൻ, ഗംഗപ്പൻ (68) എന്നിവരടക്കം നാലുപേർക്കാണ് കടിയേറ്റത്. ഇവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെപ്പ് നടത്തി.
ചൊവ്വാഴ്ച രാവിലെ 11.30ഓടെ തോട്ടുവക്കം ഈരക്കരപറമ്പിലായിരുന്നു സംഭവം. നാലുപേരുടെ കാലിനാണ് കടിയേറ്റത്. പ്രസവിച്ച് കുഞ്ഞുങ്ങളുമായി പറമ്പിൽ കിടന്ന നായയുടെ കുഞ്ഞുങ്ങളിൽ ഒരെണ്ണം വാഹനമിടിച്ച് ചത്തതായി നാട്ടുകാർ പറയുന്നു. ഇതോടെയാണ് നായ് അക്രമാസക്തയായതെന്നും ഇവർ പറയുന്നു.
വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ശല്യം രൂക്ഷമാകുന്നത് ജനജീവിതത്തിന് കടുത്ത ഭീഷണി ഉയർത്തുമ്പോൾ നഗരസഭ നിസ്സംഗത തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തോട്ടുവക്കം, കവരപ്പാടിനട തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലായി നിരവധി ആളുകൾ കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായി. ഭീഷണി ഒഴിവാക്കാൻ വൈക്കം നഗരസഭ അടിയന്തര ഇടപെടൽ നടത്തണമെന്ന് സി.പി.എം വൈക്കം ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.