വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല; കെ.എസ്.ഇ.ബി ഓഫിസിൽ യുവതിയുടെ ആത്മഹത്യഭീഷണി
text_fieldsതലയോലപ്പറമ്പ്: കഴിഞ്ഞദിവസം മുതൽ വീട്ടിൽ മുടങ്ങിയ വൈദ്യുതി അധികൃതർ പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി ഓഫീസിൽ യുവതിയുടെ ആത്മഹത്യഭീഷണി.
തലയോലപ്പറമ്പ് കെ.എസ്.ഇ.ബി ഓഫീസിൽ ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. കോലത്താർ സ്വദേശിനിയായ 34കാരിയാണ് പള്ളിക്കവലയിലുള്ള കെ.എസ്.ഇ.ബി ഓഫീസിലെത്തിയ ശേഷം പോർച്ചിലെ ഫാനിൽ ഷാളിട്ട് കെട്ടി ഭീഷണി മുഴക്കിയത്.
അധികൃതർ അറിയിച്ചതിനെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈദ്യുതിവകുപ്പ് ജീവനക്കാർ ഇവരുടെ വീട്ടിലെ വൈദ്യുതിബന്ധം ഇതിനിടെ പുനഃസ്ഥാപിച്ചു. ഈ വിവരം ഇവരുടെ ഭർത്താവ് എത്തി യുവതിയെ അറിയിച്ചെങ്കിലും യുവതി വിശ്വസിച്ചില്ല.
നിരവധി തവണ വിവരമറിയിച്ചിട്ടും ദിവസങ്ങളായി തകരാറിലായ വൈദ്യതി പുനഃസ്ഥാപിക്കാൻ അധികൃതർ തയാറായില്ലെന്ന് യുവതി പറയുന്നു. അതേസമയം ശക്തമായ മഴയിലും കാറ്റിലും രണ്ട് ദിവസമായി തലയോലപ്പറമ്പ് സെക്ഷൻ ഓഫിസിന് കീഴിലുള്ള പലഭാഗങ്ങളിലും പോസ്റ്റുകളും മറ്റും ഒടിഞ്ഞ് വൈദ്യുതിവിതരണം തകരാറിലാണെന്നും ഇത് പുനഃസ്ഥാപിച്ച് വരികയാണെന്നുമാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.