‘വോട്ട് ചോദിച്ച് മുറ്റത്ത് ചവിട്ടിയാൽ...’
text_fieldsടോൾ ചെമ്മനാകരി റോഡ് സൈഡിൽ താമസിക്കുന്ന കണ്ടത്തിത്തറ അനീഷ് വീടിനു മുന്നിൽ സ്ഥാപിച്ച ബോർഡ്
വൈക്കം: ‘‘നീയൊക്കെ ഇല്ലാതാക്കിയത് ഞങ്ങളുടെ കുടിനീര്. വോട്ട് ചോദിച്ച് വരുന്ന എമ്പ്രാക്കൻമാർ എന്‍റെ വീട്ടുമുറ്റത്ത് ചവിട്ടിയാൽ പിള്ളേച്ചൻ കണ്ട കണി കാണിക്കും’’. വൈക്കം മറവൻതുരുത്ത് പഞ്ചായത്ത് 16ാം വാർഡിൽ ടോൾ ചെമ്മനാകരി റോഡ് സൈഡിൽ താമസിക്കുന്ന കണ്ടത്തിത്തറ അനീഷ് വീടിന്‍റെ മുൻവശത്തെ ജനലിൽ സ്ഥാപിച്ച ബോർഡിലെ കുറിപ്പാണിത്.
പഞ്ചായത്ത് അധികൃതരുടെയും മെംബറുടെയും അനാസ്ഥ മൂലം കുടിവെള്ളം നിഷേധിക്കപ്പെട്ടതാണ് ‘മീശമാധവൻ’ സിനിമയിലെ ഡയലോഗ് എഴുതിയ ബോർഡ് വെക്കാൻ കാരണം. ടോൾ ചെമ്മനാകരി റോഡിൽ പൈപ്പിൻ ചുവട് ബസ് സ്റ്റോപ്പ് കഴിഞ്ഞുള്ള റോഡ് വക്കിലാണ് അനീഷിന്റെ താമസം. രണ്ടു വർഷം മുമ്പാണ് റോഡരികിൽ അനീഷ് പുതിയ വീട് നിർമാണം ആരംഭിച്ചത്. നിർമാണം പൂർത്തിയാകാറായപ്പോൾ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് വൈക്കം വാട്ടർ അതോറിറ്റിയിൽ അപേക്ഷ നൽകി.
ആറു മാസംവരെ കാത്തിരിക്കുകയാണെങ്കിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം സൗജന്യമായി കുടിവെള്ളം ലഭിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ആറു മാസം കഴിഞ്ഞപ്പോൾ വീണ്ടും വാട്ടർ അതോറിറ്റി ഓഫിസിലെത്തി. മുനിസിപ്പാലിറ്റിയിലെ അപേക്ഷകൾ പൂർത്തീകരിച്ച ശേഷമേ പഞ്ചായത്തുകളുടെ അപേക്ഷ പരിഗണിക്കൂ എന്ന് പറഞ്ഞതിനെ തുടർന്ന് മടങ്ങിപ്പോന്നു. പിന്നീട് പഞ്ചായത്തിൽ നിന്ന് അനീഷിനെ വിളിച്ചു.
അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും വാർഡുകളുടെ മുൻഗണന അനുസരിച്ച് അറിയിക്കുമെന്നും പറഞ്ഞു. അതനുസരിച്ച് പിന്നീട് വിളിക്കുകയും ഓണർഷിപ്പ് അടക്കം രേഖകളുമായി ചെല്ലുകയും ചെയ്തു. ഇതിനിടയിൽ ടോൾ ചെമ്മനാകരി റോഡ് പുനർനിർമാണം ആരംഭിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും കുടിവെള്ള കണക്ഷൻ ലഭിച്ചില്ല. അന്വേഷിച്ചപ്പോൾ കോടിക്കണക്കിന് രൂപ മുടക്കി ഉന്നത നിലവാരത്തിലുള്ള റോഡ് നിർമിച്ചതിനാൽ ഇനി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കാൻ പറ്റില്ല എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

