വൈക്കത്തെ മൾട്ടിപ്ലക്സ് തിയറ്റർ നിർമാണം അവസാനഘട്ടത്തിൽ
text_fieldsസംസ്ഥാന ചലച്ചിത്രവികസന കോർപറേഷന്റെ ഉടമസ്ഥതയിൽ വൈക്കം കിളിയാട്ടുനടയിൽ
നിർമാണം നടന്നുവരുന്ന മൾട്ടിപ്ലക്സ് തിയറ്റർ കെട്ടിടം
വൈക്കം: വൈക്കത്തിന്റെ വെള്ളിത്തിരയിൽ ആളനക്കമുണ്ടാകാൻ അധികം കാത്തിരിക്കേണ്ട. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ആധുനിക സംവിധാനങ്ങളോടെ വൈക്കം ആറാട്ടുകുളങ്ങര കിളിയാട്ടുനടയിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് നിർമാണം അവസാനഘട്ടത്തിൽ.
നിലവിൽ തിയറ്റർ സമുച്ചയത്തിന്റെ കെട്ടിടത്തിന്റെ ജോലികൾ പൂർത്തീകരിച്ചു. തിയറ്റർ എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട ജോലികളാണ് ഇനി ബാക്കിയുള്ളത്. അതിന്റെ ആദ്യഘട്ടമായ സ്പീക്കർ വയറിങ് ജോലികൾ ടെൻഡർ ചെയ്തു. ബാക്കിവരുന്ന എൻജിനീയറിങ് ജോലികളുടെ ടെൻഡർ നടപടികളും ഈമാസം പൂർത്തീകരിക്കും.
സീറ്റുകളും സ്ക്രീനും ഒരുക്കുന്നതടക്കമുള്ള ജോലികൾ ഉടൻ പൂർത്തീകരിക്കാൻ കഴിയുമെന്ന് സി.കെ. ആശ എം.എൽ.എ പറഞ്ഞു.കിഫ്ബിയിൽനിന്ന് അനുവദിച്ച 22.06 കോടി വിനിയോഗിച്ച് വൈക്കം അഗ്നിരക്ഷാസേന ഓഫിസിന് സമീപം നഗരസഭ വിട്ടുനൽകിയ 90 സെന്റ് സ്ഥലത്താണ് തിയറ്റർ നിർമിക്കുന്നത്.
80 സെന്റ് തിയറ്റർ സമുച്ചയത്തിനും 10 സെന്റ് റോഡിനുമാണ് സ്ഥലം നൽകിയിരിക്കുന്നത്. 30 വർഷത്തേക്കാണ് സ്ഥലം കൈമാറിയിരിക്കുന്നത്.പുതിയ തിയറ്റർ സമുച്ചയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 222 സീറ്റുകൾ വീതമുള്ള രണ്ട് സ്ക്രീനുകളാണ് ക്രമീകരിക്കുന്നത്.
തിയറ്ററിലെ വിവിധ ആവശ്യങ്ങൾക്കായി ജലം സംഭരിക്കാൻ മുൻവശത്ത് ആഴത്തിൽ കുഴിയെടുത്ത് കൂറ്റൻ ജലസംഭരണിയും നിർമിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.