കടത്ത് നിലച്ചതോടെ ദുരിതത്തിലായി തുരുത്തുമ്മ നിവാസികൾ; ഇരുനൂറോളം കുടുംബം യാത്രമാർഗമില്ലാതെ വലയുന്നു
text_fieldsകടത്തുനിലച്ച മൂലേക്കടവ്
വൈക്കം: മറവൻതുരുത്ത്-ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് മൂലേക്കടവിൽ പ്രവർത്തിച്ചിരുന്ന കടത്തുവള്ളം നിലച്ചതോടെ ജനങ്ങൾ യാത്രദുരിതത്തിൽ. കാലങ്ങളിലായി പ്രവർത്തിച്ചിരുന്ന കടത്ത് നിലച്ചതോടെ തുരുത്തുമ്മ നിവാസികളായ ഇരുനൂറോളം കുടുംബമാണ് യാത്രമാർഗമില്ലാതെ വലയുന്നത്. മറവൻതുരുത്ത്, ചെമ്പ് ഗ്രാമപഞ്ചായത്തുകൾ സഹകരിച്ചാണ് ഈ പൊതുകടത്ത് നടത്തിയിരുന്നത്. പഞ്ചായത്തുകൾ കൈയൊഴിഞ്ഞതോടെ കടത്തുവള്ളം നിലച്ചിരിക്കുകയായിരുന്നു.
കിഫ്ബിയുടെ നേതൃത്വത്തിൽ നിർമാണം നടക്കുന്ന മൂലേക്കടവ് പാലം പൂർത്തീകരിക്കാൻ ഇനിയും ഒരുവർഷത്തോളം കാത്തിരിക്കണം. അതുവരെ കിലോമീറ്റർ യാത്രചെയ്ത് തട്ടാവേലി പാലം വഴിയോ നീർപ്പാറ വഴിയോ ചുറ്റി സഞ്ചരിച്ച് വേണം തുരുത്തുമ്മ നിവാസികൾക്ക് എത്തിച്ചേരാൻ. മറവൻതുരുത്ത് നിവാസികൾക്ക് ബ്രഹ്മമംഗലത്തും നീർപ്പാറയിലും എത്തിച്ചേരാനുള്ള എളുപ്പമാർഗം കൂടിയായിരുന്നു ഈ കടത്ത്.
ഏനാദിയിൽനിന്ന് മറവൻതുരുത്ത്, വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള പ്രധാന യാത്രാമാർഗമായിരുന്നു മൂലേക്കടവ് കടത്ത്. വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ, കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ചേരേണ്ട നിരവധി ആളുകൾക്ക് കടത്തുവള്ളം നിലച്ചതോടെ വലിയ യാത്രക്ലേശമാണ് നേരിടുന്നത്. തുരുത്തുമ്മ ഗ്രാമവാസികളോടും മറവൻതുരുത്തിലെ ജനങ്ങളോടുമുള്ള പഞ്ചായത്തുകളുടെ കടുത്ത അവഗണനയാണ് കടത്ത് നിലക്കാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. അതേസമയം, മൂലേക്കടവ് പാലം നിർമാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതുവരെ പൊതുകടത്ത് നിലനിർത്താൻ ഗ്രാമപഞ്ചായത്തുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന ജനകീയ ആവശ്യം ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.