യാത്രാമാർഗങ്ങളില്ലാതെ വലഞ്ഞ് വട്ടൂക്കരി നിവാസികൾ
text_fieldsതലയാഴം വട്ടൂക്കരി നിവാസികൾ പുറംലോകവുമായി ബന്ധപ്പെടുന്നതിന് ആശ്രയിക്കുന്ന തകർച്ചഭീഷണിയിലായ തടിപ്പാലം
വൈക്കം: ഗതാഗതമാർഗങ്ങൾ ഇല്ലാതെ തലയാഴം പഞ്ചായത്ത് മൂന്നാം വാർഡിലെ വട്ടൂക്കരി നിവാസികൾ വലയുന്നു. വിയറ്റ്നാമിന് കിഴക്കുഭാഗത്ത് കെ.വി. കനാലിന്റെ കൈവഴിക്ക് കുറുകെ താൽക്കാലിക തടിപ്പാലത്തിലൂടെ അരക്കിലോമീറ്ററോളം പാടശേഖരത്തിന്റെ ഓരത്തുകൂടി നടന്നാണ് പ്രദേശവാസികൾ പുറംലോകത്തെത്തുന്നത്. പ്രദേശവാസികളുടെ നിരന്തരാവശ്യത്തെ തുടർന്ന് തോടിന് കുറുകെ കലുങ്ക് തീർക്കാൻ 2022ൽ സി.കെ. ആശ എം.എൽ.എ 18 ലക്ഷം രൂപ അനുവദിച്ച് ടെൻഡറായിരുന്നു.
കരാർ ഏറ്റെടുത്തയാൾ പണി തുടങ്ങിയെങ്കിലും ഒരുമാസത്തിനകം നിലച്ചു. നേരത്തെ സഞ്ചാരയോഗ്യമായിരുന്ന പാലം പൊളിച്ചാണ് കലുങ്ക് നിർമാണമാരംഭിച്ചത്. പണി നിലച്ചതോടെ താൽക്കാലികമായി തീർത്ത തടിപ്പാലത്തിലൂടെയാണ് പ്രദേശവാസികൾ മറുകര കടക്കുന്നത്. ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കർഷകരും തൊഴിലാളികളുമാണ്. നഴ്സറി മുതൽ സ്കൂൾ തലം വരെ പഠിക്കുന്ന 15ഓളം വിദ്യാർഥികളും രണ്ട് അംഗപരിമിതരും അപകട സ്ഥിതിയിലായ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം പാലം കടക്കുന്നതിനിടെ എൽ.പി സ്കൂൾ വിദ്യാർഥിക്ക് വീണ് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം മരിച്ച പ്രദേശവാസിയുടെയടക്കം മൂന്നുപേരുടെ മൃതദേഹം ചുമന്നാണ് കൊണ്ടുപോയത്. വട്ടൂക്കരി, സി.കെ.എം, കളപ്പുരക്കക്കരി, വനം, വെന്തകരി തുടങ്ങി 600 ഏക്കറോളം നെൽപാട ശേഖരവുമായി ബന്ധപ്പെട്ട് കർഷകരും തൊഴിലാളികളും കടന്നുപോകുന്ന വഴിയാണിത്. ഗതാഗതയോഗ്യമായ റോഡും തോടിന് കുറുകെ കലുങ്കും തീർക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.