വൈക്കം പഴയ ബോട്ട്ജെട്ടിക്ക് ഇനി പുതുമോടി
text_fieldsനവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വൈക്കം പഴയ ബോട്ട്ജെട്ടി
വൈക്കം: സ്വാതന്ത്ര്യസമരത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും സ്മരണകളുടെ പ്രതാപം പേറുന്ന ബോട്ട്ജെട്ടി പഴമയുടെ കാഴ്ചകൾ നിലനിർത്തി പുതുമോടിയണിയുന്നു.
1925 മാർച്ചിൽ വൈക്കം സത്യഗ്രഹസമരത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി വൈക്കത്തെത്തിയത് ഇവിടെ ബോട്ട് ഇറങ്ങിയാണ്. മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ പഴയ ബോട്ട്ജെട്ടി സംരക്ഷിച്ച് നിർത്തുന്നതിന്റെ ഭാഗമായുള്ള നവീകരണം പൂർത്തിയായി വരുകയാണ്.
മേജർ ഇറിഗേഷൻ വകുപ്പിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം. നിലവിൽ തറയുടെ നിർമാണമാണ് പുരോഗമിക്കുന്നത്. വേലിയേറ്റസമയത്ത് വെള്ളം കയറാതിരിക്കാൻ തറ അൽപംകൂടി ഉയർത്തിയിട്ടുണ്ട്. തേക്ക്, ആഞ്ഞിലി തടികൾ ഉപയോഗിച്ചായിരുന്നു പഴയ ബോട്ട്ജെട്ടിയുടെ നിർമാണം.
മേൽക്കൂര ആഞ്ഞിലികൊണ്ടും ഭിത്തി തേക്കിന്റെ പലകകൾ കൊണ്ടും. മേൽക്കൂരയുടെ കഴുക്കോൽ കേടുവന്ന ഭാഗങ്ങൾ മാറ്റി ആഞ്ഞിലിത്തടി കൊണ്ടുതന്നെ പുനർനിർമിച്ച് ഷീറ്റിട്ടു. ഭിത്തി തേക്കിന്റെ പലക ഉപയോഗിച്ച് നവീകരിക്കും. നിലവിൽ മേൽക്കൂര നവീകരണവും ഭിത്തി ബലപ്പെടുത്താൻ നെറ്റും എംസാൻഡും ഉപയോഗിച്ച് തേക്കുന്ന ജോലികളും പൂർത്തിയായി.
നവീകരണ ഭാഗമായി എടുത്തുമാറ്റിയ തിരുവിതാംകൂറിന്റെ രാജമുദ്ര പതിപ്പിച്ച പലകയും പുനഃസ്ഥാപിച്ചു. 2020ൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്ലാറ്റ്ഫോം നവീകരിച്ചിരുന്നു. പഴയ ബോട്ട്ജെട്ടിക്കു സമീപംതന്നെ പുതിയ കെട്ടിടം പണിത് 2011 ഫെബ്രുവരി 11ന് പ്രവർത്തനം അങ്ങോട്ടുമാറ്റി. അവിടെ നിന്നാണിപ്പോൾ തവണക്കടവിലേക്കുള്ള ബോട്ടുകൾ സർവിസ് നടത്തുന്നത്. മൂന്നുമാസത്തിനകം നവീകരണം പൂർത്തിയാക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.