കോലോത്തുംകടവ് മത്സ്യമാർക്കറ്റ് വിസ്മൃതിയിലേക്കോ
text_fieldsവൈക്കം: ജില്ലയിലെ പേരുകേട്ട മത്സ്യമാർക്കറ്റുകളിൽ ഒന്നായ കോലോത്തുംകടവ് നാശത്തിന്റെ വക്കിൽ. മാലിന്യസംസ്കരണത്തിന് അനുയോജ്യമായ സംവിധാനം ഇല്ലാത്തതാണ് മാർക്കറ്റിനെ നാശത്തിലേക്ക് നയിക്കുന്നത്. പുലർച്ച മുതൽ ഉച്ചക്ക് 12വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ആഘോഷത്തോടെ പണിതീർത്ത് ആധുനിക മത്സ്യവിപണനം ആരംഭിച്ചെങ്കിലും ഉദ്ദേശിച്ച ഗുണം തൊഴിലാളികൾക്കും നാട്ടുകാർക്കും ലഭിച്ചില്ലെന്ന് മാത്രം. ആസൂത്രണ പാളിച്ചമൂലമാണ് പ്രയോജനം ലഭിക്കാത്ത സാഹചര്യമുണ്ടായതെന്ന ആക്ഷേപവുമുണ്ട്.
ആസൂത്രണമില്ലാതെ നിർമിച്ച വൈക്കം മത്സ്യവിപണന കേന്ദ്രവും ഉപകരണങ്ങളും ആർക്കും പ്രയോജനമില്ലാത്ത അവസ്ഥയിലാണ്. 2015ലാണ് ദേശീയ മത്സ്യ വികസന ബോർഡിന്റെയും സംസ്ഥാന സർക്കാറിന്റെയും 1.44 കോടി രൂപ ചെലവഴിച്ച് തീരദേശ വികസന കോർപറേഷൻ കെട്ടിടം നിർമിച്ചത്. സോളാർ പാനൽ മാലിന്യസംസ്കരണ പ്ലാന്റും ഇതോടൊപ്പം സ്ഥാപിച്ച മത്സ്യ സൂക്ഷിപ്പുകൾക്കായി ഫ്രീസറും മറ്റു ഉപകരന്നങ്ങളും കൊണ്ടുവന്നു.
വിപുലമായ ആഘോഷത്തോടെ ഉദ്ഘാടനവും നടത്തി. എന്നാൽ, തീരദേശ നിയമം പാലിക്കാതെ നിർമിച്ച കെട്ടിടത്തിന് നമ്പർ നൽകാൻ നഗരസഭക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഫ്രീസറിനും മറ്റു ഉപകരണങ്ങൾക്കും വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനും കഴിഞ്ഞില്ല. അനുമതി ലഭിക്കാത്തതിനാൽ ഇവിടെ സ്ഥാപിക്കാൻ കൊണ്ടുവന്ന പല ഉപകരണങ്ങളുടെയും പാക്കറ്റ് പൊളിക്കാൻപോലും സാധിച്ചില്ല.
നഗരസഭ താൽക്കാലിക നമ്പർ കെട്ടിടങ്ങൾക്ക് നൽകി മാർക്കറ്റ് നടത്തിപ്പുകാർക്ക് വിട്ടുനൽകി. എന്നാൽ, ഇവിടങ്ങളിൽ ഇടനിലക്കാരുടെ ഓഫിസുകൾ പ്രവർത്തിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. ഈ മത്സ്യ മാർക്കറ്റിലെ മാലിന്യം മുഴുവൻ ഏറ്റുവാങ്ങുന്നത് വേമ്പനാട്ടുകായലാണെന്നതാണ് മറ്റൊരു സത്യം.
മീൻ കേടുവരാതെ സൂക്ഷിക്കാനുള്ള തെർമോകോൾവരെ കായലിലേക്കാണ് ഉപേക്ഷിക്കുന്നത്. മത്സ്യവിപണന കേന്ദത്തോടൊപ്പം മാലിന്യ സംസ്കരണ പ്ലാന്റ് നിർമിച്ചെങ്കിലും അതും പ്രയോജനപ്പെട്ടില്ല. ഐസ് പ്ലാന്റിന് മൂന്ന് വർഷമായി പൂട്ട് വീണിട്ട്. ഐസ് പ്ലാന്റിലെ അമോണിയം നീക്കം ചെയ്തിട്ടും വർഷങ്ങളായി. വൈക്കം താലൂക്കിലുള്ള നൂറുകണക്കിന് പേരുടെ തൊഴിലിടമാണ് ദിനംപ്രതി ഇല്ലായ്മയിലേക്ക് നീങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.