കാടുകയറി വനിത തൊഴിൽ പരിശീലന കേന്ദ്രം
text_fieldsമണിമലയിലെ വനിത തൊഴിൽ പരിശീലന കേന്ദ്രം കാട് കയറിയ നിലയിൽ
മണിമല: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് മണിമലയിൽ നിർമിച്ച വനിത തൊഴിൽ പരിശീലന കേന്ദ്രം കാടുകയറി നശിക്കുന്നു. നാളുകളായി തുറക്കാതെ കിടക്കുന്നതുമൂലം കെട്ടിടം നശിക്കുകയാണ്.
കാടുമൂടി കിടക്കുന്ന കെട്ടിടം സാമൂഹിക വിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമാണ്. മണിമല ഹോളിമാഗി ഫൊറോന പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടം വർഷങ്ങളായി ഒരു പ്രവർത്തനവുമില്ലാതെ കിടക്കുകയാണ്.
ഒരുപാട് പ്രതീക്ഷയോടെ പണിത സ്ഥാപനം ഇപ്പോൾ കാണാൻ കഴിയാത്ത നിലയിൽ കാടുപിടിച്ചിരിക്കുകയാണ്. സമീപത്തെ വിദ്യാലയത്തിലെ കുട്ടികൾക്ക് ഇത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മഴക്കാലമായതിനാൽ ഇവിടെ നിന്ന് ഇഴജന്തുക്കൾ സ്കൂൾ പരിസരത്ത് എത്താൻ സാധ്യത ഏറെയാണ്.
പുതിയ കെട്ടിടം പണിതീർന്ന ശേഷം ഏതാനും നാൾ വനിതകളുടെ തയ്യൽ യൂനിറ്റ് പ്രവർത്തിച്ചിരുന്നു.
ഇത് നിർത്തിയതിനുശേഷം പുതിയ സംരംഭകർ എത്താതിരുന്നതാണ് കെട്ടിടം വെറുതെ കിടന്നുപോകാൻ കാരണം. കുട്ടികളുടെയും പരിസരവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമായി കേന്ദ്രത്തിന്റെ ശുചീകരണം അനിവാര്യമാണ്. വനിതകൾക്ക് പ്രയോജനകരമായ തൊഴിൽപരിശീലന കേന്ദ്രം തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.