Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅശരണരുടെ ‘അത്താണി’;...

അശരണരുടെ ‘അത്താണി’; സുകൃതം പകർന്ന 20 വർഷങ്ങൾ

text_fields
bookmark_border
അശരണരുടെ ‘അത്താണി’; സുകൃതം പകർന്ന 20 വർഷങ്ങൾ
cancel

നരിക്കുനി (കോഴിക്കോട്): കൊടിയ രോഗ പീഡകളാൽ വേദനിക്കുന്നവർക്ക് നേരെ സാന്ത്വന പരിചരണത്തിനായി 20 വർഷങ്ങൾക്ക് മുൻപ് നീട്ടിയ കരങ്ങൾ അത്താണി പിന്നീട് മടക്കിയിട്ടില്ല. ആ കരങ്ങൾ തേടി നാടിന്റെ നാനാ ഭാഗത്തു നിന്നും എത്തുന്നവരുടെ എണ്ണം പതിന്മടങ്ങായി വർധിച്ചു കൊണ്ടേയിരിക്കുന്നു. ഒറ്റപ്പെട്ടവർക്ക് തണലായും വൈദ്യസഹായം എത്തിച്ചും അത്താണി വിരാമമില്ലാത്തെ ദൗത്യം തുടരുകയാണ്.

മഹത്തായ ഈ സേവനങ്ങളത്രയും തുടരുന്നതിനായുള്ള ഭാരിച്ച ബാധ്യതകൾ എല്ലാം ഏറ്റെടുത്തത് സമൂഹത്തിൻറെ നിറഞ്ഞ പിന്തുണയിലൂടെയാണ്. അങ്ങനെയാണു സാന്ത്വന പരിചരണമേകുന്നതിനുള്ള സ്‌ഥാപനങ്ങളും സൗകര്യങ്ങളും വലുതായി വികസിച്ച് ഇരുപതാം വർഷത്തിൽ എത്തി നിൽക്കുന്നത്. നാടിനു നന്മയേകണമെന്ന ലക്ഷ്യത്തോടെ 2005 ആഗസ്‌റ്റ് മാസത്തിൽ രൂപപ്പെട്ട ചെറിയൊരു കൂട്ടായ്‌മയിൽ നിന്നാണു അത്താണിയുടെ പിറവി. കോഴിക്കോട് മെഡിക്കൽ കോളജിൽ ആരംഭിച്ച പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തെ മാതൃകയാക്കിയാണ് അത്താണി അന്ന് നരിക്കുനിയിൽ പ്രവർത്തനം തുടങ്ങുന്നത്.

അത്താണിയുടെ തുടക്കം

നരിക്കുനി ബസ് സ്റ്റാൻഡിലെ എൻഐസി ബിൽഡിങ്ങിൽ സൗജന്യമായി ലഭിച്ച രണ്ട് മുറികളിൽ അത്തണിക്ക് ഓഫിസ് സജ്ജീകരിച്ചു. തുടർന്ന് സമാന മനസ്കരെ ചേർത്ത് വീടുകളിൽ എത്തി രോഗീ പരിചരണം തുടങ്ങി. ഈ രോഗികളെ പരിചരിച്ചു തുടങ്ങിയപ്പോഴാണു അന്നേവരെ അധികമാരും അറിഞ്ഞിട്ടില്ലാത്ത നിരവധി പ്രശ്നങ്ങൾ അത്താണി പ്രവർത്തകർക്കു മുൻപിൽ എത്താൻ തുടങ്ങിയത്.

ഇതിൽ പ്രധാനം നിരന്തരം പരിചരണം ആവശ്യമുള്ളവരും തീർത്തും കിടപ്പിലായവരും നിരാശ്രയരായവരും വീട്ടിലെ കിടപ്പു രോഗികാരണം ഒരു കുടംബത്തിന്റെ ജീവിതമാകെ പ്രതിസന്ധിയിലായതും എല്ലാമായിരുന്നു. ഇവരെയൊന്നും കണ്ടില്ലെന്നു നടിച്ചു പോകാൻ അത്താണി പ്രവർത്തകർക്കു കഴിഞ്ഞില്ല. 28-ാം വയസ്സിൽ മരത്തിൽ നിന്നു വീണുനട്ടെല്ല് തകർന്ന് അടുക്കൻമലയുടെ മുകളിൽ ഒരു ഷെഡിനുള്ളിൽ കഴിഞ്ഞിരുന്ന രാജനെ അത്താണി പ്രവർത്തകർ ഏറ്റെടുത്തു, അങ്ങനെ രാജൻ അത്താണിയിലെ ആദ്യ അന്തേവാസിയായി.


കിടപ്പിലാണെങ്കിലും മനസ്സിലെ ചുറുചുറുക്ക് നഷ്‌ടപ്പെടാത്ത രാജൻ ഇപ്പോഴും അത്താണിയുടെ തണലിൽ സംതൃപ്തനായി കഴിയുന്നു. രാജൻ ഉൾപ്പെടെയുള്ള 5 കിടപ്പുരോഗികൾക്കായി മടവൂർ മുക്കിലെ വീട്ടിലാണ് പരിചരണ കേന്ദ്രം 2011 ൽ തുടങ്ങിയത്. സുമനസ്സുള്ള ഒരു വ്യക്‌തിയാണു വീട് സൗജന്യമായി ആദ്യകാല പ്രവർത്തനങ്ങൾക്ക് അത്താണിക്ക് വിട്ടുനൽകിയത്. അവിടെ നിന്നുകൊണ്ട് സ്വന്തം കെട്ടിടം യാഥാർഥ്യമാക്കുന്നതിനുള്ള കഠിനപരിശ്രമം അത്താണി പ്രവർത്തകർ തുടങ്ങിയിരുന്നു.

കുന്നിൻ മുകളിൽ ഉയർന്ന സാന്ത്വന കേന്ദ്രം

കൂട്ടായ പരിശ്രമങ്ങൾക്ക് ഒടുവിൽ 2012 ൽ പാറന്നൂരിൽ കുതിരിനു മുകളിൽ 47.50 സെൻറ് സ്‌ഥലം വാങ്ങി. 2012 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് അത്താണിക്ക് തറക്കല്ലിട്ടത്. 2013 ൽ സ്വന്തം കെട്ടിടത്തിൽ ഇവിടെ അത്താണി പ്രവർത്തനം തുടങ്ങി. 15 അന്തേവാസികളായിരുന്നു അന്നുണ്ടായിരുന്നത്. ഇരുപതാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ 55 പേരാണ് അത്താണിയിലെ അന്തേവാസികൾ. ഇവരെ പരിചരിക്കാനും ഭക്ഷണം നൽകാനും മുഴുവൻ സമയ സേവനം ലഭ്യമാണ്.

സാന്ത്വന പരിചരണ കേന്ദ്രത്തിനു പുറമേ നിത്യ രോഗികളെ പാർപ്പിക്കുന്നതിനുള്ള സൗകര്യവും അത്താണിയിൽ ഉണ്ട്. ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയവർക്ക് ഇവിടെ എത്തുന്നതിനു ദൂര പരിധികളൊന്നുമില്ല. അധികൃതരോ സംഘടനകളോ ഇങ്ങനെയുള്ളവരുടെ അപേക്ഷ നൽകിയാൽ അത്താണിയുടെ ഒരു സംഘം സ്‌ഥലത്ത് എത്തി വിശദ പരിശോധനകൾ നടത്തി അർഹത ഉണ്ടെന്നു ഉറപ്പു വരുത്തിയിട്ടാണു അന്തേവാസിയാക്കുന്നത്. മക്കളോ മറ്റു കുടുംബക്കാരോ ഇല്ലെന്നുള്ളതും സാമ്പത്തിക ശേഷി ഇല്ലെന്നും തീർത്തും നിരാലംബരാണെന്നും ഇവർ അന്വേഷിച്ച് ഉറപ്പുവരുത്തുന്നതാണ് രീതി.

മുടങ്ങാത്ത ഹോം കെയർ

2005 ൽ തുടങ്ങിയ പാലിയേറ്റീവ് കെയർ വിവിധ തലങ്ങളിൽ കൂടുതൽ മേഖലകളിൽ നടന്നുവരുന്നു. നരിക്കുനി, കാക്കൂർ, മടവൂർ, കിഴക്കോത്ത്, ചേളന്നൂർ, കുരുവട്ടൂർ, നന്മണ്ട പഞ്ചായത്തുകളിലായി 750 രോഗികൾക്ക് വീടുകളിൽ എത്തി പരിചരണം നൽകിവരുന്നു. 3 തരത്തിലാണ് ഹോം കെയർ സേവനം. റെഗുലർ കെയർ, എമർജൻസി കെയർ, ഡോക്റ്റേഴ്സ് ഹോം കെയർ, 24 മണിക്കൂർ ഹോം കെയർ എന്നീ രീതിയിലാണ് പരിചരണം നൽകുന്നത്. പരിശീലനം ലഭിച്ച വളണ്ടിയർമാരാണു ഹോം കെയർ പദ്ധതിയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ശനിയാഴ്ചകളിൽ ഭിന്നശേഷി, പാരാപ്ളീജിയ ആളുകൾക്കായി തൊഴിൽ പരിശീലനം നൽകുന്നു. സ്വയം തൊഴിലിലൂടെ വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോം കെയറിൽ താൽപര്യമുള്ളവർക്ക് അത്താണി പരിശീലനം നൽകുന്നുണ്ട്.

സാമൂഹിക പ്രതിബദ്ധതയോടെ കൂടുതൽ പദ്ധതികൾ

ഇതിനകം അത്താണിയുടെ പ്രവർത്തനങ്ങളും സ്‌ഥാപനങ്ങളും കരുതൽ വേണ്ട മറ്റു മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. നട്ടെല്ലിനും ശരീരത്തിലെ മറ്റു പ്രധാന ഭാഗങ്ങൾക്കും ക്ഷതമേറ്റവർക്കു വേണ്ടി ഫിസിയോ തെറാപ്പി സെൻറർ തുടങ്ങി. അത്താണിയുടെ ഒരു സുഹൃത്ത് നിർമ്മിച്ച ഫാർമസിയും പോളി ക്ലിനിക്കും പ്രവർത്തിക്കുന്നു.

സൈക്യാട്രി ക്ലിനിക്ക്

സൈക്യാടി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ആഴ്‌ചയിൽ ഒരിക്കൽ ഡേ കെയർ സേവനം വീടുകളിൽ എത്തി നൽകുന്നു. 150 പേർക്കാണു മാനസികാരോഗ്യ പിന്തുണ നൽകുന്നത്. ഇവർക്ക് മരുന്നുകളും കൗൺസിലറുടെ സേവനവും ലഭ്യമാക്കുന്നു. ആംബുലൻസ്, ഫ്രീസർ സൗകര്യങ്ങളും അത്താണി നൽകുന്നുണ്ട്.

ഹാർമണി വില്ലേജ്

നിർധന കുടംബങ്ങളി​ലെ ഒന്നിൽ അധികം രോഗികൾക്ക് ഒരുമിച്ചു നിൽക്കുന്നതിന് സൗജന്യമായി ലഭിച്ച 1.10 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ഹാർമണി വില്ലേജിൽ 8 കോട്ടേജുകൾ പണി കഴിപ്പിച്ചു പ്രവർത്തിച്ചു വരുന്നു.

ഡയാലിസിസ് സെന്റർ

2018 ൽ തുടങ്ങിയ ഡയാലിസിസ് സെൻറർ അതുവരെ ദൂര സ്‌ഥലങ്ങളെ ആശ്രയിച്ചിരുന്ന പാവപ്പെട്ട രോഗികൾക്ക് വലിയൊരു ആശ്വാസമായി മാറി. യാത്രാ ചെലവുകൾ തന്നെ അവർക്ക് ഭാരിച്ചതായിരുന്നു. 70 പേർക്കാണ് ഇവിടെ ഡയാലിസിസ് നടത്തുന്നത്. ഭൂരിഭാഗം ആളുകൾക്കും ഈ സേവനം സൗജന്യമാണ്. ഇനിയും ഒട്ടേറെ പേർ ഈ സേവനത്തിനായി കാത്തിരിക്കുന്നുണ്ട്.

അത്താണിയുടെ ലക്ഷ്യങ്ങൾക്ക് കരുത്തേകുന്നവർ

പൂർണ സമയം പ്രവർത്തിക്കുന്ന 70 ജീവനക്കാരാണു അത്താണിയുടെ പ്രവർത്തനം സുഗമമാക്കുന്നത്. അന്തേവാസികളുടെ ഭക്ഷണം, മരുന്ന് തുടങ്ങി

ദൈനംദിന ചെലവുകൾക്ക് തന്നെ വലിയ തുക കണ്ടെത്തേണ്ടതുണ്ട്. അറിഞ്ഞു നൽക്കുന്ന നാണയത്തുട്ടുകൾ ശേഖരിക്കുന്നത് മുതൽ വലിയ ചാലഞ്ചുകൾ വരെ നടത്തിയാണ് അത്താണിയുടെ പ്രവർത്തനം മുടക്കമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നാട്ടുകാരുടെയും പ്രവാസികളുടെയും വിവിധ സംഘടനകളുടെയും സഹായം, ഉദാരമതികളുടെ സ്പോൺസർഷിപ്പ് എന്നിവയെല്ലാം സമാഹരിച്ചാണ് പ്രവർത്തനം വിപുലമാക്കുന്നത്. ജനങ്ങൾക്ക് അത്താണിയുമായി ചേർന്നു പ്രവർത്തിക്കാൻ നിരവധി പദ്ധതികൾ ഉണ്ട്. അത്താണിയുടെ പ്രവർത്തനങ്ങളും റീ ഹാബിലിറ്റേഷൻ പദ്ധതിയും വിപുലമാക്കുന്നതിന് വലിയൊരു കാമ്പസ് ആവശ്യമാണ്. അതിനുള്ള പ്രവർത്തനങ്ങൾ ഇരുപതാം വാർഷികത്തിൽ തുടങ്ങിയിരിക്കുന്നു. ഫഅത്താണിയുടെ ലക്ഷ്യങ്ങൾക്ക് നാട് നൽകുന്ന പിന്തുണയാണ് പുതിയ പദ്ധതികൾ ഏറ്റെടുക്കാൻ പ്രചോദനമേകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:humanityAthaniMalayalam News
News Summary - 20 years of Narikkuni 'Athani'
Next Story