ചുറ്റുമതിൽ പുനർനിർമിച്ചില്ല; പുതിയ അംഗൻവാടി കെട്ടിടം അടഞ്ഞുതന്നെ
text_fieldsബാലുശ്ശേരി: കോക്കല്ലൂർ അംഗൻവാടിക്കു വേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ചുറ്റുമതിൽ കനത്ത മഴയിൽ തകർന്നു വീണിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പുനർനിർമിക്കാത്തതിനാൽ പുതിയ അംഗൻവാടി കുട്ടികൾക്കായി തുറന്നു കൊടുക്കാൻ ഇതു വരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മേയ് 30ന് പുതിയ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്യാനായി തീരുമാനിച്ചതായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തതായുള്ള ശിലാഫലകവും കെട്ടിടത്തിന്റെ ചുമരിൽ സ്ഥാപിച്ചിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ മുറ്റമടക്കമുള്ള ചുറ്റുമതിൽ തകർന്നു വീണത് കെട്ടിടത്തിനു തന്നെ അപകട ഭീഷണിയാകുമെന്ന കാരണത്താൽ ബാലുശ്ശേരി വനിത ശിശുവികസന ഓഫിസർ ഉദ്ഘാടനം തടയുകയായിരുന്നു.
കെട്ടിടത്തിന്റെ വയറിങ് പണിയും പൂർത്തിയാക്കിയിട്ടില്ല. ചുറ്റുമതിൽ പുനർനിർമിക്കാനായി 10 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. ഇതിനായുള്ള ടെൻഡർ നടപടി നടക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ പുതിയ കെട്ടിടം തുറക്കാനാകുമോ എന്ന് നിശ്ചയമില്ല. കുട്ടികൾ ഇപ്പോഴും ശോച്യാവസ്ഥയിലായ വാടക കെട്ടിടത്തിൽ തന്നെയാണ് കഴിയുന്നത്.
കോക്കല്ലൂർ-തത്തമ്പത്ത് റോഡിൽ നാട്ടുകാരുടെ സഹായത്തോടെ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് നേരത്തെയുണ്ടായിരുന്ന കെട്ടിടം വിള്ളൽ വന്ന് ഉപയോഗ്യമല്ലാത്തതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്.15 ലക്ഷം ജില്ല പഞ്ചായത്തും അഞ്ച് ലക്ഷം വീതം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തും ചേർത്ത് 25 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. ശോച്യാവസ്ഥയിലായ കെട്ടിടമായതിനാൽ കുട്ടികളും വരാത്ത അവസ്ഥയുണ്ട്. നേരത്തെ 25ഓളം കുട്ടികളുണ്ടായിരുന്ന അംഗൻവാടിയിൽ ഇപ്പോൾ കുട്ടികൾ പത്തിൽ താഴെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.