നിയമസഭ തെരഞ്ഞെടുപ്പ്; പോരാട്ട ചൂടിൽ പേരാമ്പ്ര ഉരുകുന്നു
text_fieldsപേരാമ്പ്ര സി.കെ.ജി കോളജിൽ ഫാത്തിമ തഹിലിയ സന്ദർശനം നടത്തുന്നു
പേരാമ്പ്ര: പരിചയ സമ്പന്നതയും യുവത്വവും തമ്മിൽ മാറ്റുരക്കുന്ന പേരാമ്പ്രയിൽ വേനൽ ചൂടിനെ വെല്ലുന്ന പോരാട്ട ചൂട്. ഹാട്രിക് വിജയം തേടിയിറങ്ങുന്ന എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും കന്നി ജയത്തിനിറങ്ങുന്ന മുസ് ലിം ലീഗിന്റെ യുവരക്തം ഫാത്തിമ തഹിലിയയും മണ്ഡലം ഇളക്കി മറിക്കുകയാണ്. ടി.പി. രാമകൃഷ്ണൻ പേരാമ്പ്ര സി.കെ.ജി. ഗവ. കോളജ് സന്ദർശിച്ചു. വിദ്യാർഥികളുമായും ജീവനക്കാരുമായും സൗഹൃദം പങ്കിട്ടു. മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സി.കെ.ജി ഗവ. കോളജിന്റെ വികസനത്തിൽ എൽ.ഡി.എഫ് ജനപ്രതിനിധികളുടെ പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര സി.കെ.ജി കോളജിൽ ടി.പിക്ക് നൽകിയ സ്വീകരണം
2016ൽ ടി.പി. രാമകൃഷ്ണൻ മന്ത്രിയും തുടർന്ന് എം.എൽ.എയുമായതോടെയാണ് കോളജിന്റെ സമഗ്ര വികസന പദ്ധതികൾക്ക് ആരംഭിച്ചതെന്നും എൽ.ഡി.എഫ് 15 കോടി രൂപ ചെലവിൽ പുതിയ അക്കാദമിക് ബ്ലോക്ക്, ലൈബ്രറി, ലേഡീസ് ഹോസ്റ്റൽ, ചുറ്റുമതിൽ പുതിയ കാന്റീൻ എന്നിവ നിർമിച്ചു. എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളായ എം. ആദിഷ്, പി.എസ്. നിഹൽ, യു.യു.സിമാരായ അഭിഷേക്, വോൺ, കോളജ് യൂനിൻ ജോയന്റ് സെക്രട്ടറി ശ്രീനന്ദ എന്നിവർ ടി.പിയെ സ്വീകരിച്ചു.
വികസന കാര്യത്തിൽ 50 വർഷം പിന്നിലുള്ള പേരാമ്പ്ര മണ്ഡലത്തെ ഉയർത്തെഴുന്നേൽപ്പിക്കാൻ യു.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരത്തിലേറണമെന്ന് പേരാമ്പ്ര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയപറഞ്ഞു.
ചെമ്പ്ര ഡാഫോഡിൽസ് ഓഡിറ്റോറിയത്തിൽ നടന്ന ചക്കിട്ടപാറ പഞ്ചായത്ത് തല യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു തഹ് ലിയ. ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജോർജ് മുക്കള്ളിൽ അധ്യക്ഷത വഹിച്ചു. ആവള ഹമീദ്, മിനി വട്ടക്കണ്ടി, മോളി തോമസ്, ലിജി ഷിജു, കെ.എ. ജോസ് കുട്ടി, രാജീവ് തോമസ്, മൂസ കോത്തമ്പ്ര, പി.ജെ. തോമസ്, രാജൻ വർക്കി തുടങ്ങിയവർ സംസാരിച്ചു.
പിന്നീട് തഹിലിയ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റ് സന്ദർശിച്ച് തൊഴിലാളികളുമായി സംവദിച്ചു. പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളജിലും ഫാത്തിമ തഹിലിയ സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

