മാവൂർ: ജീവിതത്തെ കീഴ്മേൽ മറിച്ച അപകടത്തിൽ വീണുപോയിട്ടും തളരാതെ വീൽചെയറിലിരുന്ന് പോരാടിയ ഡോ. ആതിര സുഗതന് ഐ.എ.എസ്. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ ചെറുകുളത്തൂർ ദേവിനിലയത്തിൽ ഡോ. കെ. ആതിര സുഗതൻ 483ാം റാങ്ക് നേടിയാണ് വിധിയെ തോൽപിച്ചത്. 2016ൽ ബാംഗ്ലൂരിൽ ബി.ഡി.എസിന് മൂന്നാം വർഷം പഠിക്കുമ്പോഴാണ് അപകടത്തിൽപെടുന്നത്. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ ഹമ്പ് ചാടിയപ്പോൾ തെന്നിമറിയുകയായിരുന്നു. തലക്കും സ്പൈനൽ കോഡിനും പരിക്കേറ്റാണ് ജീവിതം...
മാവൂർ: ജീവിതത്തെ കീഴ്മേൽ മറിച്ച അപകടത്തിൽ വീണുപോയിട്ടും തളരാതെ വീൽചെയറിലിരുന്ന് പോരാടിയ ഡോ. ആതിര സുഗതന് ഐ.എ.എസ്. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ ചെറുകുളത്തൂർ ദേവിനിലയത്തിൽ ഡോ. കെ. ആതിര സുഗതൻ 483ാം റാങ്ക് നേടിയാണ് വിധിയെ തോൽപിച്ചത്. 2016ൽ ബാംഗ്ലൂരിൽ ബി.ഡി.എസിന് മൂന്നാം വർഷം പഠിക്കുമ്പോഴാണ് അപകടത്തിൽപെടുന്നത്.
ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ ഹമ്പ് ചാടിയപ്പോൾ തെന്നിമറിയുകയായിരുന്നു. തലക്കും സ്പൈനൽ കോഡിനും പരിക്കേറ്റാണ് ജീവിതം വീൽചെയറിലാകുന്നത്. ഒരു മാസത്തോളം വെന്റിലേറ്ററിൽ കഴിയേണ്ടിവന്നു. രണ്ടുവർഷത്തെ ചികിത്സക്കും വിശ്രമത്തിനും ശേഷമാണ് പഠനത്തിലേക്ക് തിരിച്ചുവന്നത്. തലക്ക് പരിക്കേറ്റതിനെതുടർന്ന് ഓർമക്ക് തകരാറുപറ്റിയിരുന്നു. എങ്കിലും തോറ്റുകൊടുക്കാൻ തയാറല്ലാതിരുന്ന ആതിര ഒന്നും രണ്ടും വർഷത്തെ പുസ്തകങ്ങൾ വീണ്ടും പഠിച്ചും ഓൺലൈൻ ക്ലാസ് കേട്ടും മറവിയെ തോൽപിച്ചു. ആളുകളെ അഭിമുഖീകരിക്കാനുള്ള മടിയുണ്ടായിരുന്നെങ്കിലും ആത്മവിശ്വാസം വീണ്ടെടുത്ത് അതിജയിച്ചു.
തുടർന്ന്, ബാംഗ്ലൂരിൽനിന്നുതന്നെ ബി.ഡി.എസ് ഫൈനലും ഇന്റേൺഷിപ്പും ചെയ്തു. 2020ൽ നാട്ടിലേക്ക് തിരിച്ചുവന്നെങ്കിലും കോവിഡ് സമയതിനാൽ പ്രാക്ടീസ് ചെയ്യാനായില്ല. ഇതിനിടക്കാണ് ഭിന്ന ശേഷിക്കാരായ വിദ്യാർഥികളെ സമൂഹത്തിന്റെ നേതൃ സ്ഥാനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘പ്രൊജക്ട് ചിത്രശലഭം’ എന്ന സൗജന്യ സിവിൽ സർവിസ് പരിശീലന പദ്ധതിയെകുറിച്ച് മനസ്സിലാക്കിയാണ് ഐ.എ.എസ് മോഹം ഉടലെടുക്കുന്നത്. തിരുവനന്തപുരം അബ്സൊല്യൂട്ട് ഐ.എ.എസ് അക്കാദമിയിലായിരുന്നു പഠനം.
എൽ.ഐ.സി ഏജന്റുമാരായ പിതാവ് സുഗതൻ മാതാവ് മിനിയും സഹോദരി അനഘയും ആതിരക്ക് എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. വീൽചെയറിൽതന്നെ പരീക്ഷകളെയും അഭിമുഖങ്ങളെയുമെല്ലാം നേരിട്ടു. സൈകോളജിയിൽ ബിരുദംനേടിയ സഹോദരി അനഘ, ആതിര പരിക്കേറ്റ് കിടപ്പിലായപ്പോൾ പരിചരിക്കാനാണ് ബി.എസ് സി നഴ്സിങ് പഠിക്കുകയും പിന്നീട് നഴ്സാകുകയും ചെയ്തത്.