റെയിൽവേ സ്റ്റേഷനിൽനിന്നുള്ള കെ.എസ്.ആർ.ടി.സി രാത്രി ബസ് തടഞ്ഞ് ഓട്ടോ തൊഴിലാളികൾ
text_fieldsകോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിനെതിരെ രാത്രി ഓട്ടോ തൊഴിലാളികൾ പ്രതിഷേധിച്ചപ്പോൾ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് രാത്രി 11.10ന് പുറപ്പെടുന്ന ബാലുശ്ശേരി- താമരശ്ശേരി കെ.എസ്.ആർ.ടി.സി ബസിനെതിരെ പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികൾ. ബുധനാഴ്ച രാത്രി സർവിസിനായി എത്തിയ ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ നിർത്തിയിടാൻ കഴിയില്ലെന്നു പറഞ്ഞ് ഓട്ടോ തൊഴിലാളികൾ സംഘം ചേർന്ന് തടയാൻ ശ്രമിക്കുകയായിരുന്നു. തങ്ങളുടെ ഓട്ടം കുറഞ്ഞുപോകുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് വിവരം.
തിരുവനന്തപുരം-കണ്ണൂർ ജൻശതാബ്ദി ട്രെയിൻ എത്തി യാത്രക്കാർ കയറിയതിനു ശേഷമാണ് ബസ് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുക. ട്രെയിൻ വൈകിയാൽ എത്തുന്നതുവരെ കാത്തിരിക്കും. ബുധനാഴ്ച സർവിസിനെത്തിയ ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ റോഡിന്റെ ഒരുവശത്തായി നിർത്തിയിട്ടിരുന്നു. ഇതിനിടെ ഓട്ടോ ഡ്രൈവർമാർ സംഘടിച്ചെത്തി ഗതാഗതം തടസ്സപ്പെടുമെന്നും ബസ് അവിടെനിന്ന് മാറ്റണമെന്നും പറഞ്ഞ് ജീവനക്കാരുമായി വാക്തർക്കമുണ്ടാക്കി. തുടർന്ന് പൊലീസ് ഇടപെട്ടു.
ജൻശതാബ്ദിയിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് തുടർയാത്രക്ക് സൗകര്യം ഇല്ലെന്നും അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ പരാതി ലഭിച്ചതിനെത്തുടർന്നാണ് താമരശ്ശേരി ഡിപ്പോയിൽനിന്ന് ബാലുശ്ശേരി വഴി ബസ് സർവിസ് ആരംഭിച്ചത്.
ഇക്കഴിഞ്ഞ 17ന് ആരംഭിച്ച സർവിസിന് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിവസം 700 രൂപയിൽ താഴെയായിരുന്നു കലക്ഷനെങ്കിൽ ബുധനാഴ്ച അത് 2000ത്തിനു മുകളിലായി. കക്കോടി, ബാലുശ്ശേരി, പൂനൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന സർവിസാണിത്.
യാത്രക്കാർ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി കൃത്യമായ സമയം പങ്കുവെക്കുന്നതടക്കമുള്ള സംവിധാനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഓട്ടോ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബസ് ഓട്ടോ സ്റ്റാൻഡിന് സമീപത്തെങ്ങും പാർക്ക് ചെയ്യരുതെന്നും ട്രെയിൻ വരുന്നതുവരെ കാത്തിരിക്കരുതെന്നുമാണ് ഓട്ടോക്കാരുടെ ആവശ്യം.
എന്നാൽ, ഓട്ടോക്കാരുടെ നടപടിക്കെതിരെ യാത്രക്കാരിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. രാത്രി റെയിൽവേ സ്റ്റേഷനിൽനിന്ന് കെ.എസ്.ആർ.ടി.സി, മൊഫ്യൂസിൽ ബസ് സ്റ്റാൻഡുകളിലേക്കുള്ള യാത്രക്കാർക്കും ഈ സർവിസ് ഏറെ ഉപകാരപ്രദമാണ്. രാത്രിയിൽ മീറ്റർ ചാർജിന്റെ രണ്ടിരട്ടിയും അതിൽ അധികവുമാണ് ഓട്ടോക്കാർ യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.