തലയാട് മലയോര മേഖലയിൽ ഉരുൾപൊട്ടി, വ്യാപകമായ മണ്ണിടിച്ചിൽ
text_fieldsബാലുശ്ശേരി: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായുണ്ടായ കനത്തമഴയിൽ തലയാട് മലയോര മേഖലയിൽ ഉരുൾപൊട്ടലും വിവിധയിടങ്ങളിലായി മണ്ണിടിച്ചിലും. പനങ്ങാട് പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട ചീടിക്കുഴി ചുരുക്കൻകാവിൽ ഉരുൾപൊട്ടലിനെതുടർന്ന് വ്യാപക നാശനഷ്ടമുണ്ടായി. വ്യാഴാഴ്ച പുലർച്ചയോടെയുണ്ടായ കനത്തമഴയിലാണ് ഉരുൾപൊട്ടലുണ്ടായത്. സമീപവാസികൾ വലിയ ശബ്ദവും പ്രത്യേക ഗന്ധവും അനുഭവപ്പെട്ടതിനെതുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് സമീപത്തെ തോട് കരകവിഞ്ഞൊഴുകുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മണ്ണും കല്ലുകളും ഗതിമാറി ഒഴുകിയതിനാൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചില്ല. ഗ്രാമപഞ്ചായത്തും വില്ലേജ് അധികൃതരും നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയതിനാൽ പ്രദേശത്തെ കുടുംബങ്ങൾ ബന്ധു വീടുകളിലേക്കും മറ്റും മാറിത്താമസിച്ചിരുന്നു. ഒട്ടേറെ തെങ്ങുകളും കവുങ്ങുകളും മരങ്ങളും കടപുഴകി. മലയോര ഹൈവേ കടന്നുപോകുന്ന 26ാം മൈലിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ചുരത്തോട് ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുദിവസം മാത്രം 272 മില്ലിമീറ്റർ മഴയാണ് തലയാട് പ്രദേശത്ത് പെയ്തത്.
നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ഡി. ജയ്സൺ, വാർഡ് അംഗങ്ങളായ ലാലി രാജു, കെ.പി. ദിലീപ് കുമാർ, കെ.കെ. ബാബു, അബ്ദു എന്നിവർ സന്ദർശിച്ചു. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ ചുരത്തോട് പേര്യ മലയിൽനിന്നാണ് ഉരുൾപൊട്ടലുണ്ടായത്. താഴെ അര കിലോമീറ്ററോളം ദൂരം ചുരുക്കംകാവ് തോടുവരെ കൂറ്റൻ പാറക്കല്ലുകളും മണ്ണും കുത്തിയൊലിച്ചെത്തി. സ്ഥലത്തുള്ള 10ഓളം തെങ്ങുകളും നിരവധി കവുങ്ങുകളും കടപുഴകി മണ്ണിനടിയിലായിട്ടുണ്ട്. കൊക്കോ കൃഷിയും മണ്ണിനടിയിലായി. 15 സെന്റോളം സ്ഥലം മണ്ണ് മൂടിയ നിലയിലാണ്. താഴെ പരിസരപ്രദേശത്ത് അഞ്ചോളം വീടുകളുണ്ട്. ഇവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 20 വീടുകൾ പ്രദേശത്തുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തലയാട് മേഖലയിൽ കനത്ത മഴ തുടരുകയാണ്. വ്യാഴാഴ്ച രാവിലെ മഴക്ക് അൽപം ശമനമുണ്ടായിരുന്നു. താമരശ്ശേരി താലൂക്ക് തഹസിൽദാർ, കാന്തലാട് വില്ലേജ് അധികൃതർ, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ സ്ഥലം സൗന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.